Channel 17

live

channel17 live

ഇന്റേണല്‍ കമ്മറ്റി എല്ലാ തൊഴിലിടങ്ങളിലുംരൂപീകരിക്കണം: അഡ്വ. ഇന്ദിരാ രവീന്ദ്രന്‍

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ഇന്റേണല്‍ കമ്മിറ്റി സര്‍ക്കാര്‍, സ്വകാര്യ, കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ അടക്കം നിര്‍ബന്ധമായും രൂപീകരിക്കണമെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു. തൃശ്ശൂര്‍ ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശക്തമായ ഇടപെടല്‍ ആവശ്യമാണ്. ഇന്റേണല്‍ കമ്മറ്റി രൂപീകരണം സംബന്ധിച്ച ബോധവല്‍ക്കരണം ശക്തിപ്പെടുത്തി വരുകയാണ്. എല്ലാ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മിറ്റി രൂപീകരണം ഊര്‍ജിതമാക്കണമെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.
ഔദ്യോഗിക ജീവിതത്തില്‍ ഉണ്ടായ ഒറ്റപ്പെടലുകളും മാനസിക പ്രയാസങ്ങളും തുറന്നു പറയാന്‍ ഇടം ഉണ്ടാകേണ്ടതിന്റെ ആവശ്യകത കൊല്ലത്തെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ മരണത്തിലും പ്രതിഫലിക്കുന്നുണ്ട്. അനീഷ്യയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് എല്ലാവിധ സഹായവും കുടുംബാംഗങ്ങള്‍ക്കും അന്വേഷണ ചുമതലയുള്ളവര്‍ക്കും വനിതാ കമ്മിഷന്‍ ഉറപ്പുവരുത്തും. കുടുംബാംഗങ്ങളെ നേരില്‍കണ്ട് വിവരങ്ങള്‍ ചോദിച്ചറിയുകയും സഹായസഹകരണങ്ങള്‍ നേരിട്ട് അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കൗണ്‍സിലിംഗിന് വലിയ സ്ഥാനം ഉണ്ടെന്നും കമ്മിഷന്‍ അംഗം കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തി തര്‍ക്കം, വസ്തുതര്‍ക്കം തുടങ്ങിയ പരാതികളും അദാലത്തില്‍ പരിഗണനയ്ക്കു വന്നു. അദാലത്തില്‍ 52 കേസുകള്‍ പരിഗണിച്ചതില്‍ 16 എണ്ണം പരിഹരിച്ചു. 32 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. അഡ്വ. സജിത അനില്‍, ഇന്ദു മേനോന്‍, കൗണ്‍സിലറായ മാലാ രമണന്‍, വനിത സെല്‍ സിഐ ടി.ഐ. എല്‍സി തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!