Channel 17

live

channel17 live

എല്ലാ സ്‌കൂളിലും കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ ഒരുക്കാന്‍ പദ്ധതി

സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി, ജില്ലയിലെ എല്ലാ ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലാതല ആര്‍ പി മാരുടെ പരിശീലനം വിജ്ഞാന്‍ സാഗറില്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ റഹീം വീട്ടിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ രാജശ്രീ ഗോപന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം എ വി വല്ലഭന്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ടി വി മദനമോഹനന്‍, ഹയര്‍ സെക്കന്ററി ജില്ലാ കോര്‍ഡിനേറ്റര്‍ വി എം കരീം,സമേതം അസി കോര്‍ഡിനേറ്റര്‍ വി മനോജ്,വിജ്ഞാന്‍ സാഗര്‍ സ്‌പെഷ്യല്‍ ഓഫീസര്‍ സി ടി അജിത് കുമാര്‍, പി ഡി പ്രകാശ്ബാബു, ബിനോജ് എം.യു, സുധ എം, സരിത ടി.എസ്, പ്രിയ ജി എന്നിവര്‍ സംസാരിച്ചു.

ജില്ലയില്‍ എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ എഴുതുന്ന മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ചാണ് ക്ലാസുകള്‍ സംഘടിപ്പിക്കുക. സ്‌കൂള്‍ ഫൈനല്‍ പരീക്ഷകള്‍ക്ക് ശേഷം ഇനിയെന്ത് എന്ന ചോദ്യത്തിനുത്തരം കണ്ടെത്തുകയാണ് ലക്ഷ്യം. പത്താം തരത്തിലെയും ഹയര്‍ സെക്കന്‍ഡറിയുടെയും പരീക്ഷാഫലം പുറത്തു വന്നാലുടന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ തെരഞ്ഞെടുക്കാനും അപേക്ഷ സമര്‍പ്പിക്കാനുള്ള പരിശീലനവും നല്‍കും. തുടര്‍പഠനസാധ്യതകളും ഉറപ്പാക്കും. സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ പിന്തുണയും ലഭ്യമാക്കും.

എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി തോറ്റവര്‍ക്കും ജയിച്ചവര്‍ക്കുമുള്ള തുടര്‍പഠന സാധ്യതകള്‍ പരിചയപ്പെടുത്തല്‍, അഭിരുചിക്കും കഴിവിനുമനുസരിച്ച പഠന മേഖലകള്‍ തെരഞ്ഞെടുക്കുന്നതിന് അവസരം സൃഷ്ടിക്കല്‍, എജ്യൂക്കേഷണല്‍ കൗണ്‍സിലിങ്ങിന്റെ സാധ്യതകള്‍ പരിചയപ്പെടുത്തല്‍, സ്റ്റാര്‍ട്ടപ്പുകളും സ്വയം തൊഴില്‍ സാധ്യതകളും ബോധ്യപ്പെടുത്തല്‍, സ്വദേശത്തും വിദേശത്തുമുള്ള വ്യത്യസ്ത കോഴ്‌സുകളുടെ പ്രവേശനരീതികള്‍, ഫീസ് ഘടന, ലോണ്‍ ലഭ്യത, പഠന കാലാവധി, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കല്‍, പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിചയപ്പെടുത്തല്‍ എന്നിവ ലക്ഷ്യസമേതം പദ്ധതിയിലൂടെ വിദ്യാര്‍ഥികളിലേക്കും പൊതു സമൂഹത്തിലേക്കും എത്തിക്കുകയെന്നതാണ് പ്രവര്‍ത്തന ലക്ഷ്യം. ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിങ് സംവിധാനത്തിന്റെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!