ഐടിഐ കോഴ്സുകളില്‍ കാലാനുസൃത മാറ്റങ്ങള്‍ കൊണ്ടുവരും: മന്ത്രി കെ രാധാകൃഷ്ണന്.
പട്ടികജാതി- പട്ടികവര്‍ഗ വകുപ്പുകള്‍ക്ക് കീഴിലുള്ള ഐടിഐകളില്‍ പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള ട്രേഡുകളും കോഴ്സുകളും വിഭാവനം ചെയ്യുന്നതായി പട്ടികജാതി – പട്ടികവര്‍ഗ- പിന്നാക്കവിഭാഗ ക്ഷേമം- ദേവസ്വം പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള നടത്തറ ഗവ. ഐടിഐയുടെ ചിരകാല സ്വപ്നമായ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പഴയ ട്രേഡുകളും കോഴ്സുകളും പുനസ്ഥാപിച്ച് പുതിയ കോഴ്സുകള്‍ കൊണ്ടുവരുവാന്‍ ലക്ഷ്യമിടുന്നുണ്ട്. ഭൂരിപക്ഷം ഐടിഐകളിലെയും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു. പഠനത്തോടൊപ്പം വരുമാനവും ലഭിക്കുന്ന വിധമുള്ള കോഴ്സുകള്‍ക്കായും ശ്രമിക്കും. പട്ടികജാതി പട്ടികവര്‍ഗ മേഖലയിലെ വികസനങ്ങള്‍ക്ക് ആവശ്യമായ എല്ലാവിധമായ പിന്തുണയും സാഹചര്യങ്ങളും ഒരുക്കിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പട്ടികജാതി, പട്ടികവര്‍ഗ മേഖലയില്‍ വലിയ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുന്ന കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായ റവന്യൂ മന്ത്രി കെ രാജന് പറഞ്ഞു. അരികുവത്കരിക്കപ്പെട്ട ജനതയെ മുഖ്യധാരയിലേക്ക് എത്തിച്ച് അവരുടെ വികാരങ്ങളെ ചേര്‍ത്തുപിടിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനുമായതായി മന്ത്രി പറഞ്ഞു.
പട്ടികജാതി – പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കുകയാണ് വകുപ്പിന്റെ കീഴിലുള്ള ഐടിഐകളുടെ ലക്ഷ്യം. രണ്ട് കോടിയോളം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.
നടത്തറ ഗവ. ഐടിഐ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് മുഖ്യാതിഥിയായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര് രവി, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആര് രജിത്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായ ഇ എന്‍ സീതാലക്ഷ്മി, ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു കാട്ടുങ്ങല്‍, ഉത്തരമേഖല ട്രെയിനിങ് ഇന്‍സ്പെക്ടര്‍ എ ബാബുരാജന്, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.