തിപ്പിലിശ്ശേരി വടക്കേ ലക്ഷം വീട് കോളനിയിലെ 27 കുടുംബങ്ങള്‍ ഉള്‍പ്പെടെ 38 കുടുംബങ്ങള്‍ക്കാണ് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന സംസ്ഥാന പട്ടയ മേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പട്ടയം വിതരണം ചെയ്തത്.
മൂന്ന് പതിറ്റാണ്ടിലേറെ കാത്തിരിപ്പിനൊടുവില്‍ കടവല്ലൂര്‍ പഞ്ചായത്തിലെ 38 കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികളായി. തിപ്പിലിശ്ശേരി വടക്കേ ലക്ഷം വീട് കോളനിയിലെ 27 കുടുംബങ്ങള്‍ ഉള്‍പ്പെടെ 38 കുടുംബങ്ങള്‍ക്കാണ് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന സംസ്ഥാന പട്ടയ മേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പട്ടയം വിതരണം ചെയ്തത്.
കടവല്ലൂര്‍ പഞ്ചായത്തില്‍ തലമുറകളായി സ്ഥലത്തെ സ്ഥിര താമസക്കാരായിരുന്നെങ്കിലും ഈ കുടുംബങ്ങളുടെ കയ്യില്‍ ഭൂമി സംബന്ധിച്ച ഒരു രേഖയും ഉണ്ടായിരുന്നില്ല. ഭൂനികുതിയും അടയ്ക്കാന്‍ കഴിയാത്തതിനാല്‍ അര്‍ഹതപ്പെട്ട പല ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. കൂലിപ്പണിയാണ് ഈ കുടുംബങ്ങളുടെ ഏക വരുമാനം.
എ.സി മൊയ്തീന് എംഎല്‍എ പ്രത്യേക താല്‍പ്പര്യമെടുത്താണ് ഈ കുടുംബങ്ങള്‍ക്ക് കൈവശ ഭൂമിയില്‍ അവകാശം നല്‍കാനുള്ള നടപടികള്‍ കൈക്കൊണ്ടത്. വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമി സ്വന്തമായതിന്റെ സന്തോഷത്തിലാണ് കടവല്ലൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ കുടുംബങ്ങള്‍.
പട്ടയം ലഭിക്കാത്തതിനാല്‍ സ്വന്തം പറമ്പില്‍ അന്യരെ പോലെ കഴിയേണ്ടി വന്ന അവസ്ഥയ്ക്ക് ഇതോടെ വിരാമമാകുകയാണ്. വിവിധ സര്‍ട്ടിഫിക്കറ്റിന് ഉള്‍പ്പെടെ സമീപിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഇതോടെ പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് വടക്കേ ലക്ഷം വീട് കോളനി നിവാസികള്‍.
സംസ്ഥാന സര്‍ക്കാരിന്റെ സമുചിതമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പാരമ്പര്യമായി കൈമാറിക്കിട്ടിയ ഭൂമിക്കും കിടപ്പാടത്തിനും രേഖയില്ലാതെ ദുരിതമനുഭവിക്കുന്ന നിരവധി കുടംബങ്ങളാണ് ഭൂമിയുടെ അവകാശികളായി മാറിയത്. കുന്നംകുളം താലൂക്കില്‍ 155 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ‘എല്ലാവര്ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന സര്‍ക്കാരന്റെ പ്രഖാപിത നയമാണ് ഇവിടെ പ്രാവര്‍ത്തികമാകുന്നത്.