മുനിസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് സംഘടിപ്പിക്കുന്ന ടെക് ഫെസ്‌റ്റിന് മുന്നോടിയായി ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്ത് ഒരുക്കിയിരിക്കുന്ന ഇലക്ട്രിക് വാഹന പ്രദർശനം ജനശ്രദ്ധ നേടുന്നു. ബി എം ഡബ്ലിയു, പോർഷെ, ബി വൈ ഡി, ഹ്യുണ്ടായി, എം ജി, മഹീന്ദ്ര, ടാറ്റ, സിട്രോൺ, ഹൈകോൺ, കിയ എന്നീ കമ്പനികളുടെ ഇരുപതോളം ഇലക്ട്രിക് വാഹനങ്ങളാണ് പ്രദർശനത്തിനുള്ളത്. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രദർശനം.
എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. ഭാവിയുടെ വാഹന വിപണി ഇലക്ട്രിക് വാഹനങ്ങൾ നിയന്ത്രിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു. വൈസ് ചെയർമാൻ ടി വി ചാർളി, വാർഡ് കൗൺസിലർ ജെയ്സൺ പാറേക്കാടൻ, ജോയിൻ്റ് ഡയറക്ടർ ഫാ. ജോയി പയ്യപ്പിള്ളി, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ. വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ, ഇലക്ട്രിക്കൽ ആൻഡ് ഇലകട്രോണിക്സ് വിഭാഗം മേധാവി ഡോ. എ എൻ രവിശങ്കർ, ഫാക്കൽറ്റി കോ ഓർഡിനേറ്റർ കെ എസ് നിതിൻ, യൂണിയൻ ചെയർമാൻ ആൽബർട്ട് പ്രകാശ് എന്നിവർ പ്രസംഗിച്ചു. പ്രദർശനത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ട് വിദ്യാർഥികൾ അവതരിപ്പിച്ച ബാൻഡ് ഷോ ആകർഷകമായി. പ്രദർശനം ഞായറാഴ്ച സമാപിക്കും. പ്രവേശനം സൗജന്യമാണ്.