ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.
ആളൂർ ഗ്രാമപഞ്ചായത്തിലെ മാനാട്ടുകുന്ന് വടിയൻ ചിറ ബണ്ട് റോഡ് സാമൂഹ്യനീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ബാക്കിയുള്ള റോഡിന്റെ ഭാഗങ്ങളും വേഗത്തിൽ നവീകരിക്കുമെന്നും റോഡ് ബന്ധിപ്പിക്കുന്ന വടിയൻ ചിറ ഹരിത കേരളം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധാരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
20 ലക്ഷം രൂപ വിനിയോഗിച്ചാണ് 500 മീറ്റർ നീളത്തിലും മൂന്നു മീറ്റർ വീതിയിലും റോഡ് ടാറിംഗ് ഉൾപ്പടെയുള്ള പ്രവർത്തികൾ ചെയ്ത് നവീകരിച്ചത്. കൊമ്പ്ഒടിഞ്ഞാമക്കലിൽ എത്തിച്ചേരുന്ന ആളൂർ ഗ്രാമപഞ്ചായത്തിലെ 18, 22 വാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് ഇത്. ചിറയുടെ നവീകരണ പ്രവർത്തനങ്ങൾ കൂടി പൂർത്തിയാകുന്നതോടെ വടിയൻ ചിറ ഉൾപ്പെടുന്ന പ്രാദേശിക ടൂറിസം വികസനത്തിനും റോഡ് നവീകരണത്തിലൂടെ സാധിക്കും.
വടിയൻ ചിറ ബണ്ട് റോഡ് പരിസരത്ത് നടന്ന പരിപാടിയിൽ ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ അധ്യക്ഷനായി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ആളൂർ ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പറുമായ പി കെ ഡേവിസ്, മുൻ എം എൽ എ കെ യു അരുൺ, വാർഡ് മെമ്പർ കെ ബി സുനിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതി സുരേഷ്, വാർഡ് വികസന സമിതി അംഗം പോളി തുണ്ടിയിൽ മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.