ഇരിങ്ങാലക്കുട : കിണർ റീചാർജ്ജിങ്ങിലൂടെ കുടിവെള്ള വിതരണവും കാർഷിക ആവശ്യങ്ങൾക്കായുള്ള ജല ലഭ്യതയും ഉറപ്പാക്കുന്ന കോട്ടക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് ജലവിഭവ വകുപ്പ് 75 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുടയുടെ സമഗ്ര കാർഷിക പുരോഗതി ലക്ഷ്യമിടുന്ന പച്ചക്കുട പദ്ധതിയുടെ ഭാഗമായാണ് കോട്ടക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് തുക അനുവദിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുരിയാട് പഞ്ചായത്തിലെ ആനന്ദപുരത്താണ് പദ്ധതി നടപ്പിലാക്കുന്നത്. മേഖലയിലെ 85 ഹെക്റ്റർ പ്രദേശത്തുള്ളവർക്ക് പദ്ധതിയുടെ ഗുണം ലഭ്യമാകും. പമ്പ് ഹൗസ്, സെക്ഷൻ ബിറ്റ്, പൈപ്പ് ലൈൻ തുടങ്ങിയവ സ്ഥാപിച്ച് 40 എച്ച് പി മോട്ടോർ ഉപയോഗിച്ചാണ് ജലവിതരണം നടത്തുക. പ്രദേശത്ത് കവുങ്ങ്, തെങ്ങ്, ജാതി തുടങ്ങിയവ കൃഷി ചെയ്യുന്നവർക്കും പച്ചക്കറി കർഷകർക്കും കിണറുകളിൽ കുടിവെള്ളക്ഷാമം നേരിടുന്നവർക്കും വേനൽക്കാലത്ത് പദ്ധതി ഏറെ ഉപകരിക്കുമെന്നും മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.