ചാലക്കുടി: പൊതു തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വന്നതോടെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങൾ വിശദീകരിക്കാനായി ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ പ്രത്യേക യോഗം ചേർന്നു.യോഗത്തിൽ ചാലക്കുടി ഡി എഫ് ഓ- എം വെങ്കിടേശ്വരൻ ഐ എഫ് എസ് ( അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ), തഹസിൽദാർ അബ്ദുൽ മജീദ്( തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർ ),എം കെ സജീവ്- ഇൻസ്പെക്ടർ ഓഫ് പോലീസ് ചാലക്കുടി,വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.പ്രധാന നിർദ്ദേശങ്ങൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങളിൽ പോസ്റ്റർ, ഫ്ലക്സ്, ചുവരെഴുത്ത് എന്നിവ പാടില്ല. ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ എത്രയും വേഗം മാറ്റുകയോ മായിച്ചു കളയുകയോ വേണം. അല്ലാത്തപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷൻ അത് നിർവഹിക്കുകയും അതിന്റെ ചെലവ് സ്ഥാനാർഥിയുടെ കണക്കിൽ ചേർക്കുകയും ചെയ്യുന്നതാണ്. സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ അനുമതിയില്ലാതെ അവരുടെ സ്ഥലത്ത് ഇങ്ങനെ ചെയ്താൽ അവർക്ക് സി- വിജിൽ എന്ന ആപ്പ് വഴി പരാതി സമർപ്പിക്കാവുന്നതാണ്. ഈ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചാൽ അതിന്റെ ചെലവും സ്ഥാനാർത്ഥിയുടെ കണക്കിൽ ചേർക്കപ്പെടുന്നതാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 48 മണിക്കൂറിനു ശേഷം ഈ വ്യവസ്ഥ ബാധകം ആയിരിക്കും.
മുമ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകുകയും അറിയിപ്പ് ലഭിക്കാതിരിക്കുകയും ചെയ്തിട്ടുള്ളവർ വീണ്ടും ഫോം 6 വഴി അപേക്ഷിക്കുന്നതിന് മുമ്പ് അവരുടെ പേര് വോട്ടർ പട്ടികയിൽ ചേർന്നിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
വാഹനങ്ങളും ഉച്ചഭാഷിണിയും ഉപയോഗിക്കുന്നവർ അതിന് പ്രത്യേകം അനുമതി വാങ്ങേണ്ടതാണ്.പൊതു സ്ഥലത്ത് തെരഞ്ഞെടുപ്പ് യോഗങ്ങൾ നടത്തുന്നതിനുംബന്ധപ്പെട്ട അധികാരികളുടെ അനുമതി വാങ്ങേണ്ടതാണ്.
രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾക്ക് തെരഞ്ഞെടുപ്പ് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി
