അങ്കമാലി നഗരസഭ ഇരുപത്തിനാലാം വാർഡിൽ കിഴക്കേ പള്ളിക്ക് സമീപം ആളൊഴിഞ്ഞ പറമ്പുകളിൽ കുറുനരികൾ കൂട്ടമായി വിഹരിക്കുന്നു. പ്രദേശവാസികളായ പി. എം. ജോയി പഞ്ഞിക്കാരൻ, ഹെൻട്രി കൂടാരപ്പള്ളി, ക്രിസ്റ്റഫർ പഞ്ഞിക്കാരൻ, സണ്ണി കിഴക്കേക്കര എന്നിവരുടെ വീടുകളിലെ വളർത്തു കോഴികളെയും മുയലുകളുൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെയും കുറുനരികൾ പിടിക്കുന്നത് സ്ഥിര സംഭവമാണ്. കൂട്ടം തെറ്റി വന്ന ഒരു കുറുനരി റോസിലി ബാബുവിൻറെ കോമ്പൗണ്ടിൽ കയറിപ്പറ്റി. വാർഡ് കൗൺസിലറും നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയുമായ ലക്സി ജോയിയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് അവർ വന്ന് കുറുനരിയെ കൂട്ടിലാക്കി വനത്തിൽ തുറന്നുവിടാൻ കൊണ്ടുപോയി. ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ജെ. ബി. സാബു, ദ്രുതകർമ്മ സേനാംഗങ്ങളായ വർഗീസ് കെ. പി., വിൽസൺ പി.ജെ. എന്നിവർ നേതൃത്വം നൽകി.വീടുകളിലെ വളർത്തു പക്ഷിമൃഗാദികൾക്ക് പേടിസ്വപ്നമായ കുറുനരി കൂട്ടങ്ങളെ നാട്ടിൽ നിന്നും പൂർണമായും ഒഴിവാക്കുന്നതിന് വേണ്ട സത്വര നടപടികൾ സ്വീകരിക്കണമെന്ന് ഫോറസ്റ്റ് അധികൃതരോട് കൗൺസിലർ ആവശ്യപ്പെട്ടു.
കുറുനരിയെ വനപാലകർ പിടികൂടി
