മാള: ഭക്തിയുടെ നിറവിൽ കുഴിക്കാട്ടുശ്ശേരി തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ ആഘോഷിച്ചു. നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നും ദൂരദേശങ്ങളിൽ നിന്നുമായി നിരവധി തീർത്ഥാടകരാണ് വിശുദ്ധ മറിയം ത്രേസ്യ – ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർത്ഥാടന കേന്ദ്രത്തിലേക്ക് എത്തിച്ചേർന്നത്. രാവിലെ ആറു മുതൽ രാത്രി ഏഴ് വരെ ദേവാലയത്തിൽ വിശുദ്ധ കുർബാനകൾ അർപ്പിക്കപ്പെട്ടു. രാവിലെ 8. 30ന് പുത്തൻചിറ ഫൊറോന വികാരി ഫാ. വർഗീസ് പാത്താടൻ ആശിർവദിച്ച നേർച്ച ഊട്ട് രാത്രി എട്ട് വരെ നടന്നു.ആഘോഷമായ തിരുനാൾ കുർബാനയിൽ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമ്മികനായി. ഉച്ചതിരിഞ്ഞ് മൂന്നിനുള്ള ദിവ്യബലിയെ തുടർന്ന് നടന്ന തിരുനാൾ പ്രദക്ഷിണത്തിൽ അനേകായിരങ്ങൾ പങ്കെടുത്തു. അലംകൃതമായ വീഥിയിലൂടെ വാദ്യഘോഷങ്ങളുടെയും പ്രാർത്ഥന മജ്ഞരികളുടെയും അകമ്പടിയോടെ പൊൻ, വെള്ളി കുരിശുകളും മുത്തു കുടകളും പേപ്പൽ പതാകകളും ഏന്തി വിശുദ്ധയുടെ തിരുശേഷിപ്പും വഹിച്ചുകൊണ്ട് നടന്ന പ്രദക്ഷിണത്തെ തുടർന്ന് തിരുശേഷിപ്പ് വണക്കം നടന്നു. തിരുന്നാൾ ആഘോഷ പരിപാടികൾക്ക് ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാളും ആഘോഷ കമ്മിറ്റി ചെയർമാനുമായ മോൺ. ജോസ് മഞ്ഞളി, ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ്, തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട്, അഡ്മിനിസ്ട്രേറ്ററും ജനറൽ കൺവീനറുമായ സിസ്റ്റർ എൽസി, വൈസ് പോസ്റ്റുലേറ്റര് സിസ്റ്റർ വിനയ, ജനറൽ കൺവീനർ ജോജോ അമ്പൂക്കൻ തുടങ്ങിയവർ നേതൃത്വം നൽകി. തിരുനാളിന്റെ ഭാഗമായുള്ള എട്ടാമിടം 15ന് രാവിലെ 10. 30 ന് ആഘോഷമായ ദിവ്യബലി, പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം എന്നീ പരിപാടികളോടെ നടക്കും.
ഭക്തിയുടെ നിറവിൽ കുഴിക്കാട്ടുശ്ശേരി തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ ആഘോഷം
