ഇരിങ്ങാലക്കുട: ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലായി കണക്കാക്കുന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലാകുന്ന സാഹചര്യത്തിൽ പോലീസ് പൂർണ സജ്ജമെന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ IPS. ഇതുവരെ നിലവിലുണ്ടായിരുന്ന ഇന്ത്യൻ പീനൽകോഡ്, ക്രിമിനൽ നടപടിക്രമം, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയുടെ സ്ഥാനത്ത് യഥാക്രമം ഭാരതീയ ന്യായ സംഹിത, ഭാരതീയ് നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവയാണ് നടപ്പിലാകുന്നത്. നിയമം നടപ്പിൽ വരുന്ന 2024 ജൂലായ് 1 മുതൽ എല്ലാ പോലീസ് സ്റ്റേഷനിലും പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുന്നതും തുടർ നടപടിക്രമങ്ങൾ സ്വീകരിക്കുന്നതും പുതിയ ക്രിമിനൽ നിയമങ്ങൾ അനുസരിച്ചായിരിക്കും. തൃശൂർ റൂറൽ പോലീസ് ജില്ലയിലെ മുഴുവൻ പോലീസുദ്യോഗസ്ഥർക്കും പുതിയ നിയമങ്ങൾ പ്രയോഗതലത്തിൽ കൊണ്ടുവരുന്നതും കേസന്വേഷണം നടത്തുന്നതും സംബന്ധിച്ച് പഠന ക്ലാസ്സുകൾ നൽകിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്യുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനും ഉപയോഗിക്കുന്ന പോലീസിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പോലീസ് രജിസ്റ്റർ ചെയ്യുന്ന എഫ്ഐആർ സൌജന്യമായി ഡൌൺലോഡ് ചെയ്യുന്നതിനുള്ള സൌകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമങ്ങളെ സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് പോലീസിന്റെ സമൂഹ മാധ്യമ എക്കൌണ്ടുകളിലൂടെ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിൽ വരുന്ന പശ്ചാത്തലത്തിൽ തൃശൂർ റൂറൽ പോലീസ് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളും, ജനമൈത്രി പ്രവർത്തകരും പങ്കെടുക്കുന്ന വിവിധ ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ജൂലായ് 1 രാവിലെ 10 ന് നടക്കുന്ന ചടങ്ങുകൾക്ക് അതാത് പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർമാരും, സബ് ഡിവിഷണൽ ഓഫീസർമാരും നേതൃത്വം വഹിക്കും.
ക്രിമിനൽ നിയമങ്ങളിൽ മാറ്റം : പോലീസ് പൂർണ സജ്ജം
