തൃശ്ശൂര്‍: മിതത്വം മുഖമുദ്രയാക്കി ന്യൂനോക്തിയില്‍ സംവദിച്ചിരുന്ന വിനീത ചരിത്രകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍ എന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദന്‍. വൈക്കം മുഹമ്മദ് ബഷീറിന്റെ അനശ്വര സ്മരണകള്‍ക്ക് ആദരമര്‍പ്പിച്ച് കോഴിക്കോട് ‘സംഗീതമേ ജീവിതം’ ഫൗണ്ടേഷന്റെ സഹകരണത്തോടെ അക്കാദമി സംഘടിപ്പിച്ച ‘ബഷീര്‍ ഓര്‍മ്മ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാനാണെന്ന ഭാവമേയില്ലാത്ത എളിയ ചരിത്രകാരനും ചരിത്രസാക്ഷിയുമായിരുന്നു ബഷീറെന്ന് അദ്ദേഹം പറഞ്ഞു. തിന്മ സൃഷ്ടിയുടെ സ്വാഭാവികമായ അംശമാണെന്ന് തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്ത എഴുത്തുകാരന്‍. മനുഷ്യര്‍ സമ്പൂര്‍ണ്ണരാണെന്ന ബോദ്ധ്യത്തോടുകൂടി കടന്നുവന്നതുകൊണ്ടുതന്നെ ഭ്രഷ്ടരായ, പാര്‍ശ്വവല്‍കൃതരായ മനുഷ്യരെ കുറിച്ച് അദ്ദേഹം ആവര്‍ത്തിച്ചു സംസാരിച്ചു. മനുഷ്യയാഥാര്‍ത്ഥ്യങ്ങളെ എല്ലാ രീതിയിലുമുള്ള അപൂര്‍ണ്ണതകളോടും അന്ധകാരങ്ങളോടുംകൂടി അംഗീകരിക്കുക എന്നത് തന്റെ നിയോഗമായി അദ്ദേഹം കരുതി. പോക്കറ്റടിക്കാരനും ലൈംഗികത്തൊഴിലാളിയുമൊക്കെ അത്തരത്തിലാണ് കഥാപാത്രങ്ങളായി വന്നത്. പോക്കറ്റടിയോ തെങ്ങുകയറ്റമോ അറിയുമായിരുന്നെങ്കില്‍ ഒരുപക്ഷേ താന്‍ എഴുത്തുകാരനാവുമായിരുന്നില്ല എന്നു തുറന്നു പറയുന്നതിലൂടെ എളിമയുടെ രൂപമായി അദ്ദേഹം മാറുന്നു. ചരിത്രത്തിന്റെ അനുഭവസ്ഥന്‍ എന്ന നിലയില്‍ ആത്മകഥയുടെ അംശങ്ങള്‍ ബഷീര്‍ കൃതികളിലുടനീളം കടന്നുവരുന്നുണ്ട്. എഴുത്തിനാവശ്യമായ പുതിയ ഭാഷ അദ്ദേഹം സൃഷ്ടിച്ചു. എഴുത്തുകാരനും മനുഷ്യനും തമ്മിലുള്ള സംവേദനം വിഛേദിക്കപ്പെടാത്ത, അവര്‍ ഒന്നുതന്നെയായിരിക്കുന്ന തരത്തില്‍ വാമൊഴി ഉപയോഗിച്ചും മലബാറില്‍ മുസ്ലീങ്ങള്‍ സംസാരിച്ചിരുന്ന ഭാഷ ഉപയോഗിച്ചുമെല്ലാം അവയെ അടയാളപ്പെടുത്തിയിരുന്ന എഴുത്തുകാരന്‍. അതേസമയം അസ്തിത്വത്തിന്റെ അഗാധമായ സങ്കീര്‍ണ്ണതകള്‍ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന അനേകം കഥാപാത്രങ്ങളെ സൃഷ്ടിക്കുകയും ചെയ്തു. ‘വെളിച്ചതിനെന്തു വെളിച്ചം’ എന്ന രീതിയില്‍ പുതിയ ഒരു സംസാരശൈലിതന്നെ തന്നെ അദ്ദേഹം ആവിഷ്‌കരിച്ചു. വ്യത്യസ്ത ജീവിത പരിസരങ്ങള്‍ ചിത്രീകരിക്കുകവഴി എല്ലാവരും ഭൂമിയുടെ അവകാശികളാണെന്ന പൊതുബോധം വായനക്കാര്‍ക്ക് ബഷീര്‍ പകര്‍ന്നു നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
ഒരു അനുഭവത്തെ അതിനുള്ളില്‍ത്തന്നെ അഴിച്ചുകളയുന്ന ധാരാളം ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വ്യത്യസ്തമായ രചനാശൈലിയായിരുന്നു വൈക്കം മുഹമ്മദ് ബഷീറിന്റേതെന്ന് ‘ബഷീറിന്റെ എതിര്‍ ലോകങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയ എഴുത്തുകാരനും നിരൂപകനുമായ സുനില്‍പി.ഇളയിടം അഭിപ്രായപ്പെട്ടു. ചരിത്രത്തിന്റെ പ്രയാണഗതിയില്‍ ഒന്നും ചെയ്യാനില്ലെന്ന് കരുതിയ, കാലത്തിന് ഒന്നും ബാക്കിവെക്കാനില്ലാത്ത മനുഷ്യരെക്കുറിച്ച് ബഷീര്‍ എഴുതി. മനുഷ്യന്‍ എന്ന സങ്കല്‍പ്പത്തിന്റെ വലുതാക്കലായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. മാനുഷികതയ്ക്ക് വ്യാപ്തി കൊടുത്ത ചരിത്രകാരന്‍. പോസ്റ്റ് മോഡേണസിത്തിനും നാലു പതിറ്റാണ്ടുമുമ്പ് ‘ഞാന്‍ സാഹിത്യകാരനായഒരു മാപ്ലയാണ്’ എന്നു പറഞ്ഞ, യുക്തികളോട് കലഹിച്ചിരുന്ന അതുല്യപ്രതിഭ. മനുഷ്യര്‍ നന്മതിന്മകളിഴചേര്‍ന്ന ആദര്‍ശാത്മക കാല്‍പ്പനികരാണെന്ന് അദ്ദേഹം തന്റെ രചനകളിലൂടെ വിളിച്ചുപറഞ്ഞു. ചരിത്രത്തില്‍ യാതൊരു പങ്കുമില്ലെന്ന് കരുതിയവരെ വലിയ രീതിയില്‍ ഉയര്‍ത്തിക്കൊണ്ടുവന്നു പ്രാധാന്യത്തോടെ പ്രതിഷ്ഠിച്ചു. അതോടൊപ്പം ആധുനികതയുടെ സ്ഥാപനങ്ങളെ ആഴത്തില്‍ പരിഹസിക്കുകയും ചെയ്തു. യാതൊരു ചൈതന്യവുമില്ലാത്ത, ജീവനറ്റുപോയ ചുള്ളിക്കമ്പിനെ പ്രണയത്തിന്റെ പ്രതീകമായി ‘മതിലുകളി’ല്‍ അദ്ദേഹം അവതരിപ്പിച്ചു. വ്യവസ്ഥാപിതമായ സാഹിത്യസമ്പ്രദായങ്ങളോട് ഒത്തുപോകാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ഭാവനയുടെ പരിമിതികളില്ലാത്ത വിശാലമനസ്സുള്ള കുഞ്ഞായിരുന്നു ബഷീര്‍. ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ ലാളിത്യംകൊണ്ട് അദ്ദേഹം ലഘൂകരിച്ചു. കാലത്തിന്റെ വൈരുദ്ധ്യങ്ങളില്‍ ആഴത്തില്‍ വേരുള്ള എഴുത്തുകാരന്‍. ആദര്‍ശവല്‍കരിക്കപ്പെട്ടതും സാമാന്യവുമായ അനുഭവങ്ങള്‍ക്ക് കുറുകെ നീന്തുന്നതായിരുന്നു ബഷീറിന്റെ ലോകം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍ അധ്യക്ഷനായി. സെക്രട്ടറി പ്രൊഫ.സി.പി.അബൂബക്കര്‍, പബ്ലിക്കേഷന്‍ ഓഫീസര്‍ എന്‍.ജി.നയനതാര, സംഗീതമേ ജീവിതം ഫൗണ്ടേഷന്‍ ഡയറക്ടര്‍ അഡ്വ.കെ.കെ.അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.