കരുവന്നൂർ പാലത്തിൽ വയർ ഫെൻസിംഗ് രണ്ടാഴ്ചയ്ക്കകം: മന്ത്രി ഡോ. ആർ ബിന്ദു
കരുവന്നൂർ പാലത്തിൻ്റെ അരികുവശങ്ങളിൽ വയർ ഫെൻസിംഗ് പ്രവൃത്തികൾ രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും ഇരിങ്ങാലക്കുട എംഎൽഎയുമായ ഡോ. ആർ ബിന്ദു പറഞ്ഞു. പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ കെ.എസ്.ടി.പി ഉദ്യോഗസ്ഥർക്ക് നല്കിയെന്നും മന്ത്രി അറിയിച്ചു.
കരുവന്നൂർ പാലത്തിനെ ആത്മഹത്യാമുനമ്പാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. പാലത്തിൻ്റെ അരികുവശങ്ങളിൽ വയർ ഫെൻസിംഗ് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളാണ് എത്രയും വേഗം പൂർത്തിയാക്കാൻ നടപടികൾ എടുത്തിട്ടുള്ളത്.
ആത്മഹത്യകൾ കൂടിവരുന്നതിൽ പ്രദേശവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് വളരെ ഗൗരവത്തോടെ കാണുകയാണ്. അവ പ്രത്യേകം പരിഗണിച്ചാണ് അടിയന്തിരമായി നടപടി സ്വീകരിക്കുന്നത് – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.