ഇരിങ്ങാലക്കുട : ഠാണ – ചന്തക്കുന്ന് റോഡ് വികസനത്തോടനുബന്ധിച്ചുള്ള പണികൾ ആരംഭിക്കാനിരിക്കെ കടകൾ ഒഴിയാൻ സാവകാശം ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന് നിവേദനം നൽകി. റോഡ് വികസനത്തിന് വ്യാപാരികൾ അനുകൂലമാണെന്നും പക്ഷേ കെട്ടിട ഉടമകളിൽ നിന്നും സർക്കാരിൽ നിന്നും വ്യാപാരസ്ഥാപനങ്ങൾ ഒഴിയുന്നതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നും നിവേദനത്തിൽ പറയുന്നു.
നിലവിൽ ജൂലൈ 10നാണ് പണികൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഉടമകളിൽ നിന്ന് ചില വ്യാപാരികൾക്ക് കത്തുകൾ ലഭിച്ചത്. സ്ഥാപനങ്ങൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ നടത്തുവാൻ പോലും വ്യാപാരികൾക്ക് സാവകാശം ലഭിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
മാത്രമല്ല, അവസരം ദുരുപയോഗപ്പെടുത്തി ഭൂരിഭാഗം കെട്ടിട ഉടമകളും കെട്ടിടം പൂർണമായും പൊളിച്ചു നീക്കുകയാണെന്ന് വർഷങ്ങളായി വ്യാപാരം നടത്തി ജീവിച്ചു പോകുന്ന വ്യാപാരികളെ അറിയിക്കുകയും കെട്ടിടത്തിൽ നിന്ന് ഒഴിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുകയാണെന്നും നിവേദനത്തിൽ സൂചനയുണ്ട്.
റോഡ് പണികൾ ആരംഭിക്കുന്നതിന് കുറച്ചുകൂടി സാവകാശം അനുവദിക്കണമെന്നും കെട്ടിട ഉടമകൾ നടത്തുന്ന അനാവശ്യ കുപ്രചരണങ്ങൾ അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.