ഇരിങ്ങാലക്കുട: ഇസ്തിരിക്കടയിലെ ജോലികൾക്കിടയിൽനിന്ന് ഡോക്ടറേറ്റ് നേടിയ ഡോ.അമ്പിളി എം.വി അക്ഷരലോകത്ത് പുതിയ തെളിച്ചമായിരിക്കുന്നു. കുടുംബം സമകാല മലയാളനോവലിൽ,വ്യക്തിയും പൊതുമണ്ഡലവും കുടുംബവും മലയാള ചെറുകഥകളിൽ, ഫാ.ടെജി തോമസുമായി ചേർന്ന് എഡിറ്റ് ചെയ്ത പന്തുരുളുമ്പോൾ എന്നീ പുസ്തകങ്ങൾക്കു ശേഷം അമ്പിളിയുടെ നാലാമത്തെ പുസ്തകവും ആദ്യ കവിതാ സമാഹാരവുമായ ‘കാറ്റു പൊഴിക്കാതെ പോയത്’ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സെൻ്റ്. ചാവറ സെമിനാർ ഹാളിൽ വെച്ച് പ്രശസ്ത കവി എസ്.ജോസഫ് പ്രകാശനം ചെയ്തു.” ഈ കവിതകൾ പാളങ്ങൾ പോലെ നീണ്ടുപോകുന്നു. ഒരു നദി പോലെ ഒഴുകുന്നു. ഒഴുകുന്ന നദിയുടെ രൂപമാണ് ഈ കവിതകൾക്കുള്ളത് ” എന്ന് പുസ്തകത്തിൻ്റെ അവതാരികയിൽ എസ്.ജോസഫ് എഴുതുന്നുണ്ട്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ മലയാളവിഭാഗം അധ്യാപികയാണ് ഇപ്പോൾ ഡോ. അമ്പിളി എം.വി. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷനായ ചടങ്ങിൽ മലയാളവിഭാഗം അധ്യക്ഷൻ ഫാ.ടെജി കെ. തോമസ് സ്വാഗതമാശംസിച്ചു. കവിതയുടെ വർത്തമാനത്തെക്കുറിച്ച് എസ് ജോസഫ് സംസാരിച്ചു. ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജിലെ മലയാള വിഭാഗം അധ്യാപിക ഉർസുല എൻ.പുസ്തകം പരിചയപ്പെടുത്തി. ക്രൈസ്റ്റ് കോളേജിലെ ഹിന്ദി വിഭാഗം അസോസിയേറ്റ് പ്രൊഫസറും (റിട്ട. ) എച്ച്.ആർ.മാനേജറുമായ പ്രൊഫ. ഷീബ വർഗ്ഗീസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കനൽവഴികളിൽ നിന്ന് നാലാമത്തെ പുസ്തകത്തിൻ്റെ വെളിച്ചവുമായി ഡോ.അമ്പിളി എം.വി.
