2023-24 വർഷത്തെ പ്രത്യേക വികസനനിധിയിൽ നിന്നും ഇരുപതു ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ ലാപ്ടോപ്പുകളും പ്രിൻ്ററുകളുമാണ് മന്ത്രി ഡോ. ബിന്ദു വിതരണം നിർവ്വഹിച്ചത്.
സർക്കാർ ഓഫീസുകളിലെ സൗകര്യങ്ങൾ ഉയരുന്നത് ജനോപകാരപ്രദമായി വിനിയോഗിക്കാൻ ഉദ്യോഗസ്ഥർക്ക് ആകണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകൾ ആക്കി ഉയർത്തുന്നതിൻ്റെ ഭാഗമായി മന്ത്രിയുടെ പ്രത്യേക വികസനനിധി വിനിയോഗിച്ചു വാങ്ങിയ ലാപ്ടോപ്പുകളുടേയും പ്രിൻ്ററുകളുടേയും വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 2023-24 വർഷത്തെ പ്രത്യേക വികസനനിധിയിൽ നിന്നും ഇരുപതു ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ ലാപ്ടോപ്പുകളും പ്രിൻ്ററുകളുമാണ് മന്ത്രി ഡോ. ബിന്ദു വിതരണം നിർവ്വഹിച്ചത്.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഉൾപ്പെട്ട മുകുന്ദപുരം താലൂക്കിലെ ആനന്ദപുരം, മുരിയാട്, പുല്ലൂർ, വേളൂക്കര, കടുപ്പശ്ശേരി, കൊറ്റനല്ലൂർ, മാടായിക്കോണം, ഇരിങ്ങാലക്കുട, കാറളം, പൂമംഗലം, എടതിരിഞ്ഞി പടിയൂർ, കാട്ടൂർ,മനവലശ്ശേരി, എന്നീ വില്ലേജ് ഓഫീസുകളിലേക്കും ചാലക്കുടി താലൂക്കിൽ ഉൾപ്പെടുന്ന കല്ലേറ്റുങ്കര, ആളൂർ താഴേക്കാട് വില്ലേജ് ഓഫീസുകളിലേക്കുമാണ് ലാപ്ടോപ്പുകളും പ്രിൻ്ററുകളും നൽകിയത്.മുകുന്ദപുരം താലൂക്കിലെ പൊറത്തിശ്ശേരി വില്ലേജ് ഓഫീസിൽ നേരത്തെത്തന്നെ എംഎൽഎ ഫണ്ടുപയോഗിച്ച് ലാപ്ടോപ്പും പ്രിൻ്ററും നല്കി സ്മാർട്ട് വില്ലേജ് ഓഫീസാക്കി ഉയർത്തിയിരുന്നു.
ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസർ എംകെ ഷാജി സ്വാഗതവും മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ജോജോ, കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി വി ലത കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് ധനീഷ് പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി, തൃശ്ശൂർ ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ്, ഭൂരേഖ തഹസിൽ ദാർ സിമേഷ് സാഹു എന്നിവർ ആശംസകൾ അർപ്പിച്ചു. മുകുന്ദപുരം താലൂക്ക് തഹസിൽദാർ സി നാരായണൻ നന്ദി പറഞ്ഞു.