ജില്ലാ വികസന സമിതിയിലേക്ക് ഓരോ വകുപ്പുകളോടും ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ സമയബന്ധിതമായി നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അധ്യക്ഷനായ ജില്ലാ വികസന സമിതി യോഗം. ഡിഡിസി യോഗത്തില്‍ ബന്ധപ്പെട്ട വകുപ്പുകുപ്പുകളിലെ പ്രതിനിധികള്‍ നിര്‍ബന്ധമായും പങ്കെടുത്ത് കൃത്യമായ മറുപടി നല്‍കണമെന്നും ജില്ലാ കളക്ടര്‍ യോഗത്തെ അറിയിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതിയും എം.എല്‍.എമാരുടെ ആസ്തി വികസന പദ്ധതിയുടെയും പ്രത്യേക വികസന ഫണ്ടിലെ വികസന പ്രവര്‍ത്തനങ്ങളുടെയും പുരോഗതി വിലയിരുത്തി. എം.പി.എല്‍.ഡി.എസ് ഫണ്ടിലെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും അവലോകനം ചെയ്തു.
ദേശീയപാത 66-ല്‍പ്പെടുന്ന ചേറ്റുവ റോഡരികിലെ കാന നിര്‍മ്മിക്കുന്നതിനുള്ള പ്രവൃത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കളക്ടറുടെ നേതൃത്വത്തില്‍ എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടറെ ഉള്‍പ്പെടുത്തി പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കും. കടപ്പുറം പഞ്ചായത്തിലെ ഐസോലേഷന്‍ വാര്‍ഡിന്റെ ഇലക്ട്രിഫിക്കേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനിയായി ആരോഗ്യവകുപ്പിന് യോഗം നിര്‍ദ്ദേശം നല്‍കി. ജി.എച്ച്.എസ് മണത്തല, ജി.എം.എം.എച്ച്.എസ് വടക്കാഞ്ചേരി എന്നീ സ്‌കൂളുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കണം. ചാവക്കാട് സുനാമി കോളനിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വീടുകള്‍ കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു.
ചാവക്കാട് ഇരിങ്ങപ്രം എക്‌സൈസ് ഓഫീസ് നിര്‍മ്മിക്കുന്നതിനായി റവന്യു ഭൂമി തരം മാറ്റല്‍ പ്രക്രിയയുടെയും കുന്നംകുളത്ത് എക്‌സൈസ് വകുപ്പിന് റവന്യു വകുപ്പിന്റെ കൈവശമുള്ള സ്ഥലം ലഭ്യമാക്കുന്നതിന്റെയും ഗുരുവായൂര്‍ പോലീസ് സ്‌റ്റേഷന് സ്ഥലം ലഭ്യമാക്കുന്നതിന്റെ പുരോഗതിയും തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പുരോഗതിയും എജ്യുക്കേഷന്‍ കോംപ്ലക്‌സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പുരോഗതിയും യോഗം വിലയിരുത്തി. അപകടഭീഷണിയിലുള്ള സാഹിത്യ അക്കാദമി പരിസരത്തുള്ള പാലമരം വെട്ടിമാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിട്ടിക്ക് ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശം നല്‍കി.
പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആവശ്യമായ ഡോക്ടര്‍മാരുടെ സേവനം സി.എച്ച്.സികളിലും പി.എച്ച്.സികളിലും ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. പുന്നയൂര്‍ക്കുളം പെരിയമ്പലം ബീച്ച്, കടപ്പുറം പഞ്ചായത്തിലെ കടലോരപ്രദേശങ്ങളിലും രൂക്ഷമായ കടലാക്രമണം തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ചാവക്കാട് നഗരസഭയുടെ കളിസ്ഥലം തരം മാറ്റല്‍ പ്രക്രിയയുടെ പുരോഗതിയും യോഗം വിലയിരുത്തി. അധ്യയന വര്‍ഷം ആരംഭിച്ചതിനാല്‍ എല്ലാ വില്ലേജ് ഓഫീസുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ ഏത്തായി പട്ടികജാതി നഗറിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രത്യേക ഫണ്ട് വേഗത്തില്‍ ലഭ്യമാക്കുന്നതിനായി പട്ടികജാതി വികസന ഓഫീസര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി.
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ചേരിനിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി പൂളാക്കല്‍ പ്രദേശത്ത് നിര്‍മ്മിച്ച ഫ്‌ളാറ്റ് സമുച്ചയത്തില്‍ നിര്‍മ്മിക്കുന്ന വാട്ടര്‍ ടാങ്കിന്റെ നിര്‍മ്മാണത്തിന്റെ പുരോഗതിയും പൂമല ഇക്കോ ടൂറിസം പദ്ധതി, വാഴാനി മ്യൂസിക്കല്‍ പ്രോജക്ട് എന്നിവയുടെ നിര്‍മ്മാണ പുരോഗതിയും യോഗം വിലയിരുത്തി. അവണൂര്‍ ഗ്രാമപഞ്ചായത്തിലെ കവിനഗര്‍, ഇത്തപ്പാറ കോളനി എന്നിവിടങ്ങളിലെ സര്‍വ്വെ പുരോഗതിയും യോഗം വിലയിരുത്തി. ജല്‍ ജീവന്‍ മിഷന്‍ പ്രവൃത്തികള്‍ക്കായി കേരള വാട്ടര്‍ അതോറിട്ടി ബിഎം ബിസി നിലവാരത്തിലുള്ള റോഡുകള്‍ കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി മുറിക്കുന്നത് ചര്‍ച്ച ചെയ്യുന്നതിനായി ആഗസ്റ്റ് 5 ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരുന്നതിനായി ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു.
മെഡിക്കല്‍ കോളേജില്‍ 33 കെ.വി സബ്‌സ്‌റ്റേഷന് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിനുള്ള പുരോഗതിയും യോഗം വിലയിരുത്തി. മെഡിക്കല്‍ കോളേജില്‍ വേനല്‍ക്കാലത്തുണ്ടാകുന്ന കുടിവെള്ള പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കുന്നതിനായി മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. തോളൂര്‍ ഗ്രാമ പഞ്ചായത്തിലെ 5-ാം വാര്‍ഡിലെ 32-ാം നമ്പര്‍ അങ്കണവാടിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
എസ്.എന്‍ പുരം, എറിയാട്, എടവിലങ്ങ് എന്നീ പഞ്ചായത്തുകളില്‍ ഒഴിഞ്ഞുകിടക്കുന്ന സുനാമി വീടുകള്‍ അര്‍ഹരായവര്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. കനോലി കനാലിലെ ചെളി നിക്ഷേപിച്ചതുമൂലം നാശം സംഭവിച്ച തെങ്ങുകള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും എന്‍.എച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന പ്രദേശങ്ങളില്‍ സൈന്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനും യോഗം നിര്‍ദ്ദേശിച്ചു. വനവത്ക്കരണത്തിന്റെ ഭാഗമായി മുനക്കല്‍ ഭാഗത്ത് ആവശ്യമായ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനായി സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ക്ക് ജില്ലാ വിതസന സമിതി യോഗം നിര്‍ദ്ദേശം നല്‍കി.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന കൊടകര-വെള്ളിക്കുളങ്ങര സ്‌കൂള്‍ റോഡിനായി ഭൂമി ഏറ്റെടുക്കലിന്റെ പുരോഗതിയും മണ്ണംപേട്ട-മാവിന്‍ചുവട് റോഡ്, കുറുമാലി-തൊട്ടിപ്പോള്‍ റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതിയും യോഗം വിലയിരുത്തി. പുതുക്കാട് മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി റോഡ് വീതി കൂട്ടുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണം. തൈക്കാട്ടുശ്ശേരി റോഡിലെ റെസ്‌റ്റേറേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി റോഡ് പണി ഉടന്‍ ആരംഭിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
കളക്ട്രേറ്റ് എക്‌സിക്യുട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ.മാരായ എന്‍.കെ. അക്ബര്‍, ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, പി. ബാലചന്ദ്രന്‍, കെ.കെ. രാമചന്ദ്രന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, മുരളി പെരുനെല്ലി, കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രതിനിധി രഘുനാഥ് സി. മോനോന്‍, ബെന്നി ബഹനാന്‍ എം.പിയുടെ പ്രതിനിധി ടി.എം നാസര്‍, സബ് കളക്ടര്‍ മുഹമ്മദ് ഷഫീഖ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.ആര്‍. മായ, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.