കലാ വിദ്യാഭ്യാസരംഗത്ത് കേരള ലളിതകലാ അക്കാദമി മുന്നോട്ടുവെയ്ക്കുന്ന പുരോഗമനാത്മകവും സര്‍ഗ്ഗാത്മകവുമായ ആശയങ്ങളാണ് പുതു വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ക്ക് പ്രേരണയും പ്രചോദനവുമാകുന്നതെന്നും കലാ വിദ്യാഭ്യാസ പദ്ധതിയില്‍ കാലാനുസൃതമായ മാറ്റം വരുത്തുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. ആര്‍ ബിന്ദു. വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ വിശകലനം ചെയ്യുന്ന ദേശീയ സിംമ്പോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ അധ്യക്ഷനായി. കേരള ലളിതകലാ അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍ സ്വാഗതവും അക്കാദമി ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത് ആമുഖഭാഷണവും നടത്തി. കേരള സാഹിത്യ അക്കാദമി അംഗം വിജയരാജമല്ലിക, ചിത്രകാരിയും കലാചരിത്രാദ്ധ്യാപികയുമായ ഡോ. കവിത ബാലകൃഷ്ണന്‍, കേരള ലളിതകലാ അക്കാദമി നിര്‍വാഹക സമിതി അംഗം ലേഖ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വഡോദര മഹാരാജ സയാജിറാവു യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസറും എഴുത്തുകാരനുമായ ഇന്ദ്രപ്രമിത് റായ് മുഖ്യപ്രഭാഷണം നടത്തി. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സ്ഥാപകനും ചിത്രകാരനുമായ ബോസ് കൃഷ്ണമാചാരി, ദേശീയ കലാരംഗത്തെ ദീര്‍ഘവീക്ഷണവും സ്വാധീനവുമുള്ള കലാകാരന്മാരും അധ്യാപകരുമായ പ്രൊഫ. ധീരജ് കുമാര്‍, ഡോ. ശാരദാ നടരാജന്‍, രാഖി പസ്വാനി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
നിലവിലെ കലാവിദ്യാഭ്യാസത്തിന്റെ പുതിയ രീതികളെക്കുറിച്ച് മനസ്സിലാക്കാനും ലോക വീക്ഷണത്തോടുകൂടി അദ്ധ്യാപകര്‍ക്ക് അതിന്റെ ഭാഗമായി കലാവിദ്യാഭ്യാസ മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുമായുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്. വിവിധ കലാസ്ഥാപനങ്ങളില്‍ നിന്നും പ്രിന്‍സിപ്പാള്‍മാരുള്‍പ്പെടെ 68 കലാധ്യാപകരാണ്
സിമ്പോസിയത്തില്‍ പങ്കെടുക്കുന്നത്.