ഇരിങ്ങാലക്കുട: പട്ടണത്തിലെ ചെറുതും വലുതുമായ ഭൂരിഭാഗം റോഡുകളും കാൽനടക്കാർക്ക് പോലും സഞ്ചാരയോഗ്യമല്ലാത്ത രീതിയിൽ കുണ്ടും കുഴിയുമായ അവസ്ഥ കാലങ്ങളായി തുടരുന്നത് അടിയന്തരമായി പരിഹരിക്കണമെന്ന് മോട്ടോർ തൊഴിലാളി യൂണിയൻ എഐടിയുസി ടൗൺ കൺവെൻഷൻ മുനിസിപ്പൽ ഭരണസമിതിയോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ നടപ്പാക്കുന്ന അമൃത് കുടിവെള്ള പദ്ധതി പ്രകാരം റോഡരിക് വെട്ടി പൊളിച്ച് പൈപ്പ് മാറ്റിയശേഷം ശരിയായ വണ്ണം കുഴിച്ചുമൂടി പൂർവ്വ സ്ഥിതിയിലാക്കാതിരിക്കുന്നത് യാത്ര കൂടുതൽ ദുഷ്കരമാക്കുന്നതായും പ്രമേയം കൂട്ടിച്ചേർത്തു.
എ ഐ ടി യു സി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ടി കെ സുധീഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു, ടൗൺ കമ്മിറ്റി പ്രസിഡന്റ് തോമസ്പി ഒ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ കൗൺസിൽ അംഗം വർദ്ധനൻ പുളിക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു, മണ്ഡലം സെക്രട്ടറി കെ കെ ശിവൻ തൊഴിലാളികൾക്കായി നടപ്പാക്കുന്ന 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ പദ്ധതിയെ കുറിച്ച് വിഷയാവതരണം നടത്തി.ബാബു ചിങ്ങാറത്ത്, കെ. എസ്. പ്രസാദ്, കെ സി.മോഹൻലാൽ ധനേഷ്.എൻ ഡി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. സെക്രട്ടറിയായി സിജു പൗലോസിനെയും, പ്രസിഡണ്ടായി കെ സി.മോഹൻലാലിനെയും, ട്രഷറിയായി ടി.വി സുകുമാറിനെയും, ഭാരവാഹികളായി തിരഞ്ഞെടുത്തു.