ചാലക്കുടി: കാര്‍മ്മല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ അനധ്യാപികയ്ക്ക് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സ്വന്തമായൊരു വീട് പണിതൊരുക്കി. ആഗസ്റ്റ് 26 ന് ”സ്നേഹഭവനം ഗൃഹപ്രവേശ”ത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ചാലക്കുടി എം.എല്‍.എ. ശ്രീ.സനീഷ്കുമാര് ജോസഫ് നിര്‍വ്വഹിച്ചു. വിധവയും രണ്ടു കുട്ടികളുടെ മാതാവുമായ സരിത വാടക വീട്ടില്‍ കഴിയുമ്പോള്‍ സ്വന്തമായൊരു വീട് സ്വപ്നം മാത്രമായിരുന്നു. ഈ സാഹചര്യത്തില്‍ കാര്‍മ്മല്‍ നല്ല പാഠം അംഗങ്ങളും എന്‍ എസ്.എസ്. പ്രവര്‍ത്തകരും വീട് പണിതുകൊടുക്കുവാനുള്ള നേതൃത്വം ഏറ്റെടുത്തു. വി.ആര് പുരത്ത് 3 സെന്റ് സ്ഥലം വാങ്ങി സ്നേഹഭവനം പണിയാന്‍ ആരംഭിച്ചു. നിരവധി ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ആവിഷ്ക്കരിക്കുകയും നല്ലൊരു തുക തന്നെ സ്നേഹഭവനത്തിലേയ്ക്കായി സ്വരൂപിക്കുകയും ചെയ്തു. സ്വന്തം കാശു കുടുക്കകളും ക്രിസ്മസ് സമ്മാനത്തുകയും ബര്‍ത്ത് ഡേ ഫണ്ടുമെല്ലാം ഇതിലേയ്ക്കുള്ള കരുതലാക്കി മാറ്റി. അധ്യാപക-അനധ്യാപകരുടേയും രക്ഷിതാക്കളുടേയും നിര്‍ലോഭമായ സഹായ സഹകരണവുമുണ്ടായിരുന്നു. പത്തു മാസം കൊണ്ട് സ്നേഹഭവനം സാക്ഷാത്ക്കരിക്കപ്പെട്ടു.
മാനേജര്‍ റവ.ഫാ. അനൂപ് പുതുശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ റവ. ഫാ. ജോര്‍ജ്ജ് തോട്ടാന്‍ മുഖ്യ പ്രഭാഷണം നടത്തി. ചാലക്കുടി മുനിസിപ്പല്‍ ചെയര്മാന് ശ്രീ. എബി ജോര്‍ജ്ജ് സന്ദേശം നല്കി. കൗണ്‍സിലര്‍മാരായ ശ്രീ. ഷിബു വാലപ്പന്, ശ്രീമതി.ബിന്ദു ശശികുമാര്‍ എന്‍.എസ്.എസ്. കോഡിനേറ്റര്‍ ശ്രീ. കെ. ആര്. ദേവദാസ് എന്നവര്‍ ആശംസയര്‍പ്പിച്ചു. പ്രിന്‍സിപ്പാള്‍ റവ.ഫാ. ജോസ് താണിക്കല്‍ സ്വാഗതവും അധ്യാപകനായ ജോസ് പി. ഒ. നന്ദി പ്രകാശനവും നിര്‍വ്വഹിച്ചു.