ജില്ലയിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കാനും അവരുടെ ആശയങ്ങളും പ്രശ്നങ്ങളും അവതരിപ്പിക്കാനും എല്ലാ ആഴ്ചയും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നടത്തുന്ന മുഖാമുഖത്തില്‍ വഴുക്കുംപാറ ചുവന്നമണ്ണ് എസ്.എന്‍ കോളേജിലെ വിദ്യാര്‍ഥികള്‍ കളക്ടറുമായി സംവദിക്കാനെത്തി. വിദ്യാര്‍ത്ഥി സംഘത്തെ ജില്ലാ കളക്ടര്‍ സ്വീകരിച്ചിരുത്തി ഒരു മണിക്കൂറോളം സമയം വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ ജില്ലാ കളക്ടറുമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. മികച്ച വിദ്യാഭ്യാസത്തെക്കുറിച്ചും ജോലി സാധ്യതകളെക്കുറിച്ചും ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി എന്തെല്ലാം ചെയ്യാനാകുമെന്നും മാലിന്യ സംസ്‌കരണത്തെക്കുറിച്ചും ജില്ലാ കളക്ടറുമായി സംസാരിച്ചു.
പാണഞ്ചേരി വില്ലേജിലെ പൂവന്‍ചിറ വെള്ളച്ചാട്ടത്തിന്റെയും പീച്ചി ഡാമിന്റെയും ടൂറിസം സാധ്യതയെക്കുറിച്ചും കളക്ടറോടു സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ കേട്ടതിനുശേഷം വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് കളക്ടര്‍ ഉറപ്പു നല്‍കി. തൃശ്ശൂര്‍ ജില്ലയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന മാറ്റത്തെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് അറിയാന്‍ താല്‍പ്പര്യമുണ്ടായിരുന്നു. തൃശ്ശൂര്‍ ജില്ലയുടെ വികസനത്തിനായി വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നും ക്രിയാത്മകമായ നൂതന ആശയങ്ങള്‍ ക്ഷണിക്കുന്നതായി ജില്ലാ കളക്ടര്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
ജില്ലാ കളക്ടറുടെ ചേംബറില്‍ നടത്തിയ മുഖാമുഖത്തില്‍ വഴുക്കുംപാറ ചുവന്നമണ്ണ് എസ്.എന്‍ കോളേജിലെ അധ്യാപികമാരായ വി.ജി രാഖില, കെ.എ ബബിത എന്നിവരോടൊപ്പം 25 ബിരുദ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. ഓരോ ആഴ്ചയും ഓരോ സ്‌കൂളിലെയും കോളജുകളിലെയും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ആശയവിനിമയം നടത്തുന്നതിന്റെ ഭാഗമായാണ് മുഖാമുഖം സംഘടിപ്പിക്കുന്നത്. എല്ലാ ആഴ്ചയും നടത്തുന്ന മുഖാമുഖത്തില്‍ കഴിഞ്ഞ ആഴ്ചകളിലായി പാമ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും വേലൂര്‍ ഗ്രാമപഞ്ചായത്തിലെ തളിര്‍ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളും പങ്കെടുത്തിരുന്നു.