Channel 17

live

channel17 live

ബജറ്റില്‍ തുക അനുവദിച്ച പുത്തൂര്‍ ബസ് സ്റ്റാന്‍ഡ് സമുച്ചത്തിന്റെയും നടത്തറ പഞ്ചായത്തോഫീസ് കെട്ടിടത്തിന്റെയും നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി കെ. രാജന്‍

സംസ്ഥാന ബജറ്റില്‍ തുക അനുവദിച്ച നടത്തറ ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെയും പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സിന്റെയും നിര്‍മ്മാണത്തിനുള്ള നടപടികള്‍ വേഗത്തില്‍ ആരംഭിക്കുമെന്ന് റവന്യു മന്ത്രി കെ. രാജന്‍. രണ്ട് നിര്‍മ്മാണങ്ങളുടെയും രൂപകല്‍പ്പന നിര്‍വഹിക്കുന്നതിനായി നിര്‍ദിഷ്ട സ്ഥലങ്ങള്‍ പൊതുമരാമത്ത് ആര്‍കിടെക്ടറര്‍മാര്‍ക്കൊപ്പം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുവോളജിക്കല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന പുത്തൂരിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി കുട്ടനെല്ലൂരില്‍ നിന്ന് പയ്യപ്പിള്ളി മൂല വരെ നിര്‍മ്മിക്കുന്ന മോഡല്‍ റോഡിന്റെ ഭാഗമായാണ് പുത്തൂര്‍ സെന്ററിലെ തെങ്ങുംവെട്ടുവഴിയില്‍ പുതിയ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സ് നിര്‍മ്മിക്കുന്നത്. വിശാലമായ ബസ് സ്റ്റാന്‍ഡിനൊപ്പം മൂന്ന് നിലകളിലുള്ള വ്യാപാര സമുച്ചയമാണ് ഇവിടെ ഉയരുന്നത്. മന്ത്രിയുടെയും പഞ്ചായത്ത് ഭരണസമിതി നേതൃത്വത്തിന്റെയും സാന്നിധ്യത്തില്‍ പൊതുമരാമത്ത് ഡെപ്യൂട്ടി ആര്‍ക്കിടെക്ട് എം.കെ നിത്യ, എക്സി. എഞ്ചിനീയര്‍ ടി.കെ സന്തോഷ്‌കുമാര്‍, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ആര്‍ ബീന എന്നിവരാണ് പദ്ധതിയുടെ രൂപകല്‍പ്പനയ്ക്കുവേണ്ടി സ്ഥലം പരിശോധിച്ചത്.

പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍ സജിത്ത്, പഞ്ചായത്തംഗങ്ങളായ പി.ബി സുരേന്ദ്രന്‍, സനൂപ്, സെക്രട്ടറി അരുണ്‍ ജോണ്‍ എന്നിവരും ഒപ്പമുണ്ടായി.

നടത്തറ ഗ്രാമ പഞ്ചായത്തിന് മൂര്‍ക്കനിക്കരയിലാണ് പുതിയ മൂന്ന് നില കെട്ടിടം നിര്‍മ്മിക്കുക. ഭരണസാരഥികള്‍ക്കും സെക്രട്ടറിക്കും പ്രത്യേകം മുറികളും പഞ്ചായത്തംഗങ്ങള്‍ക്കായി ലോഞ്ച്, മിനി കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയോടെയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. ഇതിനായുള്ള സ്‌കെച്ച് കൈമാറി. പ്ലാനും നിര്‍ദ്ദേശവും ഉടന്‍ കൈമാറും.

പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് പി.ആര്‍ രജിത്ത്, സെക്രട്ടറി പ്രദീപ് എന്നിവരും മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം സ്ഥലത്തെത്തിയിരുന്നു. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ. രാജന്റെ നിര്‍ദ്ദേശപ്രകാരമാണ് രണ്ട് പദ്ധതിക്കും സംസ്ഥാന ബജറ്റില്‍ നിന്ന് പണം അനുവദിച്ചിരിക്കുന്നത്. പുത്തൂര്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്സിന് മൂന്ന് കോടി രൂപയാണ് ബജറ്റ് വിഹിതം. നടത്തറ പഞ്ചായത്ത് ഓഫീസിന് നാല് കോടി രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!