ജാതി സെൻസസ് ആവശ്യമോ എന്ന വിഷയത്തിൽ കുഴിക്കാട്ടുശ്ശേരി ഗ്രാമിക ചർച്ചാവേദി സംഘടിപ്പിച്ച പൊതുസംവാദം വ്യത്യസ്ത നിലപാടുകളുടെ അവതരണ വേദിയായി. ജാതി സെൻസസ് അനിവാര്യമെന്ന് ദളിത്, കോൺഗ്രസ്, സി.പി.ഐ. പ്രതിനിധികൾ നിലപാടെടുത്തപ്പോൾ, നേരത്തേ എതിരായിരുന്നെങ്കിലും ഇപ്പോൾ തങ്ങളുടെ നിലപാടും ജാതി സെൻസസിന് അനുകൂലമെന്ന് ബി.ജെ.പി.പ്രതിനിധിയും പറഞ്ഞു. നിലവിലെ ജാതി സംവരണം തുടരുന്നതിലും മുന്നോക്ക വിഭാഗങ്ങൾക്ക് 10 ശതമാനം ഉപസംവരണം ഏർപ്പെടുത്തിയതിലും കേരളത്തിൽ മുസ്ലീങ്ങൾക്ക് 12 ശതമാനം സംവരണം നൽകുന്ന വിഷയത്തിലും രൂക്ഷമായ അഭിപ്രായ വ്യത്യാസമാണ് പ്രഭാഷകർ തമ്മിലുണ്ടായത്. സംവരണം നടപ്പിലാക്കിയിട്ട് ഏഴ് പതിറ്റാണ്ട് പിന്നിട്ടുമ്പോഴും എസ്.സി, എസ്.ടി., പിന്നോക്ക വിഭാഗങ്ങൾക്ക് സമസ്ത മേഖലകളിലും ആനുപാതിക പ്രാതിനിധ്യവും പങ്കാളിത്തവും ലഭിക്കാത്ത വിഷയത്തിൽ, പരസ്പരം പഴിചാരി തടിയൂരാനുള്ള പ്രഭാഷകരുടെ ശ്രമങ്ങളെ ശ്രോതാക്കൾ ഇടപെട്ട് ചോദ്യം ചെയ്യുകയുമുണ്ടായി.
അംബേദ്കറൈറ്റ് ചിന്തകനും എഴുത്തുകാരനുമായ കെ.സന്തോഷ്കുമാർ വിഷയാവതരണം നടത്തി. മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്വപ്ന രാമചന്ദ്രൻ, സി.പി.ഐ. ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.എസ്.ജയ, ബി.ജെ.പി.സംസ്ഥാന സമിതിയംഗം അഡ്വ.കെ.എസ്.സുധീർ ബേബി എന്നിവർ പ്രഭാഷണം നടത്തി. കോഴിക്കോട് സർവ്വകലാശാല മുൻ പരീക്ഷ കൺട്രോളർ ഡോ.സി.സി.ബാബു മോഡറേറ്ററായി. കെ.സി.ഹരിദാസ്, സി.മുകന്ദൻ, അനീഷ് ഹാറൂൺ റഷീദ്, പി.പി.സുബ്രഹ്മണ്യൻ, എം.എ.ബാബു, കെ.സി.ജയൻ, കരീം കെ.പുറം,അരുൺ ഗായത്രി,വി.കെ.ശ്യാമളൻ എന്നിവർ സംസാരിച്ചു.