മാള:സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന മാള ഹോളി ഗ്രെയ്‌സ് അക്കാദമിയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തി സഹോദരികളായ കാത്‌ലിനും ക്ലെയറും. ടര്‍ക്കിയില്‍ വച്ച് നവംബര്‍ 28 മുതല്‍ 30 വരെ നടന്ന വേള്‍ഡ് റോബോട്ടിക്‌സ് ഒളിമ്പ്യാഡ് ഫൈനലില്‍ ഫ്യൂച്ചര്‍ ഇന്നൊവേറ്റേഴ്‌സ് വിഭാഗത്തിലെ എലമെന്ററി കാറ്റഗറിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഹോളി ഗ്രെയ്‌സ് അക്കാദമിയിലെ സഹോദരികളായ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി കാത്‌ലിന്‍മേരി ജീസണും നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ക്ലെയര്‍ റോസ് ജീസണും മത്സരിച്ച് ഗോള്‍ഡ് മെഡലോടെ മൂന്നാം സ്ഥാനജേതാക്കളായി.
ഇവര്‍ നിര്‍മ്മിച്ച റെസ്‌ക്യൂ ക്ലീന്‍ റോവേര്‍സ് എന്ന റോബോട്ടിക്‌സ് പ്രൊജക്റ്റ് ആണ് ഇവരെ ഈ വലിയ നേട്ടത്തിന് അര്‍ഹരാക്കിയത്. വെള്ളത്തിലും കരയിലും സഞ്ചരിക്കുന്ന രണ്ടു റോബോട്ടുകളാണ് ഇവര്‍ ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ പരിചയപ്പെടുത്തിയത്. വെള്ളപ്പൊക്ക അടിയന്തിര സാഹചര്യങ്ങളിലും പരിസ്ഥിതി ശുചികരണം മെച്ചപ്പെടുത്തുന്നതിനും ഉതകും വിധമാണ് ഇവര്‍ ഈ റോബോട്ടുകള്‍ക്ക് രൂപകല്പന നല്കിയിരിക്കുന്നത്. ഈ റോബോട്ടുകള്‍ക്ക് ജി പി എസ് സംവിധാനം വഴി ലൊക്കേഷന്‍ കൈമാറുന്നതിനും തത്സമയ ക്യാമറ ഫീഡ്, പരിസ്ഥിതിഡാറ്റ തുടങ്ങിയവ നല്‍കുവാനും സാധിയ്ക്കും. ഇവരുടെ ഈ മികച്ച കണ്ടുപിടുത്തത്തിന് പേറ്റന്റിനായി ഇന്ത്യാ ഗവണ്‍മെന്റില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് കൊച്ചു മിടുക്കികളായ ഇവര്‍.
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന യൂണിക്ക് വേള്‍ഡ് റോബോട്ടിക്സും അവരുടെ മെന്ററായ അഖില ആര്‍.ഗോമസും മത്സരത്തില്‍ പങ്കെടുക്കാന്‍ ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. യുവ മനസ്സുകളെ പരിപോഷിപ്പിക്കുന്നതിനും ആഗോള വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ അവരെ സജ്ജമാക്കുന്നതിനുമായി ഹോളി ഗ്രെയ്‌സ് അക്കാദമിയില്‍ പ്രവര്‍ത്തിയ്ക്കുന്ന റോബോട്ടിക്‌സ് പാഠ്യപദ്ധതിയുടെയും റോബോട്ടിക്‌സ് ആന്റ് എ. ഐ ലാബിന്റെയും ഉജ്ജ്വല നേട്ടമായി കാത്‌ലിന്റെയും ക്ലെയറിന്റെയും വിജയത്തെ കണക്കാക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ അഭിപ്രായപ്പെട്ടു.
വേള്‍ഡ് റോബോട്ടിക്‌സ് ഒളിമ്പ്യാഡില്‍ ഹോളി ഗ്രെയ്‌സ് അക്കാദമിയിലെ സഹോദരിമാര്‍ മൂന്നാംസ്ഥാനം നേടി
