കൊടകര ബ്ലോക്ക് പഞ്ചായത്ത് 2025-26 സാമ്പത്തിക വർഷത്തെ ജെൻഡർ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷ ഷീല മനോഹരൻ അവതരിപ്പിച്ചു.
67.10 കോടി രൂപ പ്രതീക്ഷിത ചെലവും 68.23 കോടി രൂപ വരവും 1.13 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റിൽ ഗ്രാമീണ മേഖലയ്ക്കും സ്ത്രീകളുടെ വികസനത്തിനുമാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. 21 കോടി രൂപ ചെലവിൽ 4000 പേർക്ക് കൂടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് 5.6 ലക്ഷം തൊഴിൽ ദിനങ്ങൾ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി ഉറപ്പാക്കുക, 20.43 കോടി രൂപ ചെലവിൽ കൃഷി, ആരോഗ്യം, മൃഗ സംരക്ഷണം, ക്ഷീര വികസനം എന്നീ മേഖലകളിൽ സ്ത്രീകൾക്കായി വിവിധ പദ്ധതികൾ എന്നിവയ്ക്കാണ് ബജറ്റിൽ കൂടുതൽ തുക വകയിരുത്തിയത്. ഭവന നിർമ്മാണത്തിന് വേണ്ടി 15.16 കോടി, ആരോഗ്യ മേഖലയ്ക്ക് 2.30 കോടി, പട്ടികജാതി വികസനത്തിന് 2.05 കോടി രൂപയും ബജറ്റിൽ അനുവദിച്ചു.
ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ, ചെറുകിട വ്യവസായ സംരംഭങ്ങളുടെ മുന്നേറ്റം, പരമ്പരാഗത കുടിൽ വ്യവസായങ്ങളുടെ പുനരുജ്ജീവനം, കലാകാരൻമാർക്ക് പ്രോത്സാഹനം, അങ്കണ വാടികളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ലഹരിക്കെതിരെയുള്ള ബോധവത്കരണം, കാർബൺ നിർഗ്ഗമനം കുറയ്ക്കുന്നതിനുള്ള നൂതന പദ്ധതി തുടങ്ങിയവയും ബജറ്റിൽ അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. എം ചന്ദ്രൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ സുന്ദരി മോഹൻദാസ്, കെ എം ബാബുരാജ്, കലാപ്രിയ സുരേഷ്, രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ.അൽജോ പുളിക്കൻ, ടെസ്സി ഫ്രാൻസീസ്, സദാശിവൻ ഈ. കെ. മെമ്പർമാരായ രഞ്ജിത്ത് എം ആർ, സജിത രാജീവൻ, പോൾസൺ തെക്കുംപീടിക, അസൈൻ ടീ കെ, മുകുന്ദൻ വി കെ, സതി സുധീർ, മിനി ഡെന്നി, ഹേമലത നന്ദകുമാർ, ഷീല ജോർജ്, ടെസ്സി വിത്സൺ, ബ്ലോക്ക് സെക്രട്ടറി ജിനീഷ് കെ സി തുടങ്ങിയവർ പങ്കെടുത്തു.