സംസ്ഥാന സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന ധനവിന്യാസവുമായി ബന്ധപ്പെട്ട് ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ഡോ. കെ.എൻ. ഹരിലാൽ ജില്ലാ ആസൂത്രണ സമിതിയുമായും തദ്ദേശഭരണസ്ഥാപനങ്ങളിലെ പ്രതിനിധികളുമായും സംവദിച്ചു. ആസൂത്രണ ഭവൻ ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി ചെയർമാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ആശംസ അർപ്പിച്ച് സംസാരിച്ചു.
നിലവിലെ ധനവിന്യാസത്തെക്കുറിച്ചുള്ള അഭിപ്രായം, സ്വീകരിക്കാൻ കഴിയുന്ന പുതിയ രീതികൾ, പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, സംയുക്ത പദ്ധതികളുടെ സാധ്യതകൾ, തനത് വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ തുടങ്ങിയവ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുമായി ചർച്ച നടത്തി.
യോഗത്തിന് ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.ആർ മായ സ്വാഗതവും കമ്മീഷൻ സെക്രട്ടറി അനിൽ പ്രസാദ് നന്ദിയും രേഖപ്പെടുത്തി. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.