Channel 17

live

channel17 live

ആറുപതിറ്റാണ്ടിന്റെ സ്വപ്‌ന സാഫല്യം;ഒളകരയില്‍ 44 കുടുംബങ്ങള്‍ ഭൂവുടമകളായി

ഒളകര ഉന്നതിയിലെ 44 കുടുംബങ്ങള്‍ക്കുള്ള വനാവകാശരേഖ മന്ത്രിമാരായ കെ. രാജന്‍, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. ആറു പതിറ്റാണ്ടിലേറെക്കാലം മഴയും വെയിലും മഞ്ഞും സഹിച്ച ഊരിലെ മുഴുവന്‍ മനുഷ്യരുടെയും സ്വപ്‌ന സാഫല്യമാണിതെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. കോരിച്ചൊരിയുന്ന മഴയെ വകവയ്ക്കാതെ ഒളകര ഉന്നതിയില്‍ വനാവകാശരേഖ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാന്‍ ഒരു വാക്ക് നല്‍കിയിരുന്നു. ആ വാക്ക് പാലിച്ചു. വനാവകാശരേഖ കൈമാറി എന്നുമാത്രമല്ല സര്‍ക്കാര്‍ ഒരു പുതിയ ഉത്തരവ് പുറത്തിറക്കി വനാവകാശരേഖയുള്ള വനഗ്രാമങ്ങളെ റവന്യു ഗ്രാമങ്ങളാക്കി നികുതി അടയ്ക്കാനുള്ള അവകാശം കെടുക്കും എന്നും പ്രഖ്യാപിച്ചു. ആ അവകാശത്തിനുശേഷം ആദ്യം കൊടുക്കുന്ന വനാവകാശമാണ് ഒളകരയിലേതെന്ന് മന്ത്രി പറഞ്ഞു. ഇനി ഇവര്‍ക്ക് ഇവിടെ വീടുവെക്കണം. റോഡ് നവീകരണത്തിനായി മൂന്ന് കോടി രൂപ അനുവദിച്ചു. റോഡ് പണിയുന്നതിനുള്ള അവസരം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ട് വനാവകാശനിയമത്തിലൂടെ നല്‍കാമെന്ന് വനം വകുപ്പ് സമ്മതിച്ചതായും മന്ത്രി പറഞ്ഞു. ഒളകരയുടെ, ഈ നാടിന്റെ വികസനത്തിന്, ഇവരുടെ മുന്നിലുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒളകര ഉന്നതിയില്‍ നടന്ന ചടങ്ങില്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് ഡയറക്ടര്‍ വി. രേണു രാജ്, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി. കുമാര്‍, സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് ഷെഫീഖ്, സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പി. ഉമ എന്നിവര്‍ മുഖ്യാതിഥികളായി.

ഒല്ലൂക്കര ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.വി. സജു, ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ രമ്യ രാജേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ സുബൈദ അബൂബക്കര്‍, ഇ.ടി ജലജന്‍, കെ.വി. അനിത, പീച്ചി വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ വി.ജി അനില്‍കുമാര്‍, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ ഹെറാള്‍ഡ് ജോണ്‍, ഒളകര ഉന്നതിയിലെ ഊരുമൂപ്പത്തി മാധവി കുട്ടപ്പന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒളകര ഭൂമി പ്രശ്‌നം-നാള്‍വഴികള്‍

ഒളകര ഭൂമി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ നിരന്തരമായ ഇടപെടല്‍ നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന നവകേരള സദസ്സിലും ഈ പ്രശ്‌നം ഉന്നയിക്കപ്പെട്ടിരുന്നു. റവന്യു മന്ത്രി ഉന്നതതല യോഗങ്ങളില്‍ ഇതൊരു പ്രധാന അജണ്ടയായി അവതരിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായിട്ടാണ് ഭൂ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിച്ചത്. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള റവന്യു, വനം, പട്ടിക വര്‍ഗ്ഗ വകുപ്പുകളുടെ സംയുക്ത സംഘം കഴിഞ്ഞ ഒക്ടോബറില്‍ ഉന്നതിയില്‍ സന്ദര്‍ശനം നടത്തുകയും അടിയന്തരമായി പരിഹാരം കാണുമെന്ന് അന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും ഇതിനായി നിരന്തരം പരിശ്രമം നടത്തിയിരുന്നു.

പീച്ചി ഡാമിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 1957 കാലഘട്ടത്തില്‍ വനത്തില്‍ താമസിച്ചിരുന്ന പട്ടികവര്‍ഗ്ഗവിഭാഗത്തിലെ ‘മലയന്‍’ വിഭാഗത്തിലുള്ളവരെ അവിടെ നിന്നും കുടിയൊഴിപ്പിക്കുകയും അവര്‍ കുടുംബത്തോടെ താമരവെള്ളച്ചാല്‍, മണിയന്‍കിണര്‍, ഒളകര എന്നീ സ്ഥലങ്ങളില്‍ എത്തുകയും ചെയ്തു. താമരവെള്ളച്ചാല്‍, മണിയന്‍ കിണര്‍ എന്നിവിടങ്ങളില്‍ എത്തിയവര്‍ക്ക് വനാവകാശ നിയമപ്രകാരം നേരത്തെതന്നെ രേഖകള്‍ അനുവദിച്ചു നല്‍കി. ഒളകരയില്‍ താമസിച്ചവര്‍ക്ക് മാത്രം നിയാനുസൃതമായ ഭൂമിയുടെ രേഖ നല്‍കിയില്ല.

ഇടക്കാലത്ത് നിരവധി പരിശ്രമങ്ങള്‍ ഉണ്ടായെങ്കിലും പരിഹാരമായില്ല. 2017 ല്‍ റവന്യു, വനം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാകളക്ടറുമായി യോഗം നടത്തുകയും വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി മാനുഷിക പരിഗണ നല്‍കി പ്രശ്നം പരിഹരിക്കുന്നതിനും, വനാവകാശ നിയമപ്രകാരം കുടുംബങ്ങള്‍ക്ക് രേഖ നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. 2019 ല്‍ റവന്യു, വനം, സര്‍വ്വേ, പട്ടികവര്‍ഗ്ഗ വകുപ്പുകളെ ചേര്‍ത്ത് വിഷയത്തെക്കുറിച്ച് പഠനം നടത്തുന്നതിനും പരിഹാരം കാണുന്നതിനുമായി ആര്‍.ഡി.ഒ യുടെ നേതൃത്വത്തില്‍ സബ് കമ്മിറ്റി രൂപീകരിച്ചു.

2021 ല്‍ ഒളകരയിലെ ഒരു കുടുംബത്തിന് ഒരേക്കര്‍ വീതം ഭൂമി നല്‍കാമെന്ന് സബ്ഡിവിഷന്‍ ലെവല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുകയും ജില്ലാതല കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു. ഇത് വനം വകുപ്പ് എതിര്‍ത്തതിനാല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല കമ്മിറ്റിക്ക് അയച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം വനാവകാശ രേഖ നല്‍കുന്നതിനായി വീണ്ടും നടപടികള്‍ ആരംഭിക്കുകയും ഹൈക്കോടതി ഉത്തരവു പ്രകാരം സര്‍വ്വേ ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഒളകര ഉന്നതിയിലെ ഗ്രാമസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച അപേക്ഷപ്രകാരം ഓരോ കുടുംബത്തിനും രണ്ടുമുതല്‍ രണ്ടര ഏക്കര്‍ വരെ ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സര്‍വ്വേ വകുപ്പിന്റെ സഹായത്തോടെ 2024 ജൂലൈയില്‍ കൈവശഭൂമി അളന്നു തിട്ടപ്പെടുത്തുകയും വനം, റവന്യു, സര്‍വ്വേ, പട്ടികവര്‍ഗ്ഗ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തി വിഷയം സബ്ഡിവിഷന്‍ ലെവല്‍ കമ്മിറ്റിയില്‍ ചര്‍ച്ചചെയ്തു. വനം വകുപ്പ് എതിര്‍പ്പ് അറിയിച്ചെങ്കിലും, യോഗത്തില്‍ ഓരോ കുടുംബത്തിനും 1.5 ഏക്കര്‍ കൈവശഭൂമിക്ക് വനാവകാശ രേഖ നല്‍കുന്നതിന് ഭൂരിപക്ഷം തീരുമാനിക്കുകയും വിവരം ജില്ലാതല കമ്മിറ്റി തീരുമാനത്തിനായി അറിയിക്കുകയും ചെയ്തു.

2024 ജൂലൈ 15 ന് നടന്ന ജില്ലാതല കമ്മിറ്റി യോഗത്തില്‍ സബ്ഡിവിഷന്‍ ലെവല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളും, തീരുമാനങ്ങളും അംഗീകരിക്കുകയും 44 കുടുംബങ്ങള്‍ക്ക് 1.5 ഏക്കര്‍ ഭൂമി വീതം നല്‍കാന്‍ യോഗം തീരുമാനിക്കുകയും ചെയ്തു. വനം വകുപ്പ് ഉന്നയിച്ച വാദങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യുകയും സബ്ഡിവിഷന്‍ ലെവല്‍ കമ്മിറ്റിയില്‍ ചര്‍ച്ചചെയ്ത വിഷയങ്ങളാണെന്ന് വിലയിരുത്തുകയും ചെയ്തു. ജില്ലാതല കമ്മിറ്റി തീരുമാനപ്രകാരം ഉത്തരവിനായി സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റിക്ക് അയക്കുകയും വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കി വനാവകാശ രേഖ നല്‍കുന്നതിന് നിശ്ചയിക്കുകയും ചെയ്തു. ജില്ലാതല കമ്മിറ്റി തീരുമാനത്തിനെതിരെ വണ്‍ എര്‍ത്ത് വണ്‍ ലൈന്‍ എന്ന സംഘടന ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ് നിലവിലുള്ളതിനാല്‍ സര്‍ക്കാര്‍ കേസ് കൃത്യമായി നിരീക്ഷിക്കുകയും ജില്ലാതല കമ്മിറ്റി തീരുമാനം അംഗീകരിച്ചുകിട്ടുന്നതിനാവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്തു.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ 2024 നവംബര്‍ 20 ന് ചേര്‍ന്ന യോഗത്തില്‍ ഒളകര നിവാസികളെക്കുറിച്ച് കിര്‍ത്താഡ്സ് നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒളകര ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ നൂറുവര്‍ഷത്തിലധികമായി വനത്തില്‍ കഴിഞ്ഞുവരുന്നതാണെന്നും, അവര്‍ക്ക് വനാവകാശം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് വിലയിരുത്തുകയും ജില്ലാതല കമ്മിറ്റി തീരുമാനം അംഗീകരിക്കുകയും ചെയ്തു.

ഒളകര നിവാസികളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു തങ്ങള്‍ ജീവിക്കുന്ന ഭൂമിയുടെ അവകാശം ലഭിക്കുക എന്നത്. വനം വകുപ്പിന്റെ ചട്ടങ്ങളും നിലപാടുകളുമാണ് പതിറ്റാണ്ടുകളായുള്ള ആദിവാസി ജനവിഭാഗങ്ങളുടെ ആവശ്യത്തിന് തടസ്സമായത്. ജില്ലയിലെ പരിഹാരിക്കപ്പെടാതിരുന്ന ഒരു വലിയ പ്രശ്നത്തിന് ഇതോടെ പരിഹാരമായി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!