വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും
ചാലക്കുടി ജനവാസമേഖലയില്‍ പുലിയെ കണ്ട സാഹചര്യത്തില്‍ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എയുടെയും ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്റെയും നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പുലിയെ എത്രയും പെട്ടെന്ന് പിടിക്കണമെന്ന് സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ പറഞ്ഞു.
പുലിയെ കണ്ടാല്‍ ഉടന്‍തന്നെ മയക്കുവെടി വെക്കാന്‍ ഉത്തരവ് നല്‍കിയതായി ജില്ലാ കളക്ടര്‍ പറഞ്ഞു. പുലിയെപിടിക്കുന്നതിനായി നിലവിലുള്ള 4 കൂടുകളോടൊപ്പം ഒരു കൂടുകൂടി സ്ഥാപിക്കും. കൂടുതലായി വനം വകുപ്പ് ഉദ്യോഗസ്ഥരെ വിന്യസിക്കും. മൂന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ടീം സജ്ജമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
പുലിയെ കണ്ടെത്തുന്നതിനായി തിരച്ചില്‍ ഊര്‍ജ്ജിതമായി നടത്തുന്നുണ്ടെന്ന് ഡിഎഫ്ഒ യോഗത്തില്‍ അറിയിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ ആളുകളെ ഉപയോഗിച്ച് തിരച്ചില്‍ കൂടുതല്‍ ശക്തമാക്കാന്‍ വനംവകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. പുലിയുടെ നീക്കം തിരിച്ചറിയുന്നതിനായി ഇതുവരെ 69 ക്യാമറകള്‍ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. ആവശ്യമെങ്കില്‍ കൂടുതലായി ഇനിയും ക്യാമറകള്‍ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
ജനങ്ങള്‍ പുലിയെ പിടികൂടാനായി സ്ഥാപിച്ച കൂടിനടുത്തേക്കും ചാലക്കുടി പുഴയോരങ്ങളിലും പോകരുതെന്ന് വനംവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. അടിക്കാടുകള്‍ വെട്ടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപന അധികാരികള്‍ക്ക് യോഗം നിര്‍ദ്ദേശം നല്കി. സ്വകാര്യ സ്ഥലങ്ങളിലെ അടിക്കാടുകള്‍ വെട്ടുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ നോട്ടീസ് നല്‍കണമെന്നും യോഗത്തില്‍ അറിയിച്ചു.
പുലിയെ കണ്ടെന്ന വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനായി പൊലീസിന് നിര്‍ദ്ദേശം നല്കി. 24 മണിക്കൂറും സജ്ജമായ കണ്ട്രോള് റൂം നിലവിലുണ്ട്. പുലിയുടെയും മറ്റു മൃഗങ്ങളുടെയും കാല്‍പ്പാടുകളുടെ മാതൃക തയ്യാറാക്കി ജനപ്രതിനികള്‍ക്ക് നല്‍കിയിട്ടുണ്ട്. പുലിയുടെ കാല്‍പ്പാടുകള്‍ക്ക് സമാനമായ എന്തെങ്കിലും കണ്ടാല്‍ സംശയത്തിന്റെ പേരില്‍ പരിഭ്രാന്തരാകാതെ 9188407529 എന്ന കണ്ട്രോള് റൂം നമ്പറില്‍ അറിയിക്കണം.
ചാലക്കുടി ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചാലക്കുടി നഗരസഭാ ചെയര്മാന് ഷിബു വാലപ്പന്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരു മഠത്തില്‍, ചാലക്കുടി ഡിഎഫ്ഒ എം. വെങ്കിടേശ്വരന്, വാഴച്ചാല്‍ ഡിഎഫ്ഒ ആര്. ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ആര്‍എഫ്ഒ ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.