പുതുക്കാട് : ക്രൊയോഷ്യയിൽ സൈറ്റ് സൂപ്പർവൈസറായി ജോലി വാഗ്ദാനം ചെയ്ത് തൊട്ടിപ്പാൾ സ്വേദേശിയായ തുുണ്ടിയിൽ വീട്ടിൽ രാഹുൽ 25 വയസ് എന്നയാളിൽ നിന്ന് 30.01.2023 തീയ്യതി മുതൽ 15.02.2024 തീയ്യതി വരെയുള്ള കാലയളവിൽ ₹.3,62,000/- (മൂന്ന് ലക്ഷത്തി അറുപത്തിരണ്ടായിരം രൂപ) അക്കൗണ്ട് മുഖേന അയച്ച് കൈപ്പറ്റിയ ശേഷം നാളിതു വരെയും വാഗ്ദാനം ചെയ്ത ജോലിയോ കൈപ്പറ്റിയ പണമോ തിരികെ നൽകാതെ തട്ടിപ്പ് നടത്തിയ സംഭവത്തിന് കൊരട്ടി ചിറങ്ങര സ്വദേശിയായ മൂളിയം പറമ്പിൽ വീട്ടിൽ വൈശാഖ് 33 വയസ് എന്നയാളെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. വൈശാഖ് ക്രോയേഷ്യയിലേക്ക് ജോലിക്കായി ആളുകളെ കൊണ്ട് പോകുന്നതായി സുഹൃത്തായ നിഖിൽ വഴി അറിഞ്ഞ രാഹുൽ, വൈശാഖിനെ ചെന്ന് കണ്ടതിൽ ക്രോയേഷ്യയിലുള്ള സുഹൃത്ത് വില്ലകളുടെ വർക്ക് നടത്തുന്നുണ്ട് എന്നും അവിടെ സൈറ്റ് സൂപ്പർവൈസറുടെ ജോലി ഒഴിവുണ്ടെന്നും അവിടേക്ക് പോകാൻ മൂന്നര ലക്ഷത്തോള ചിലവ് വരുമെന്നും അവിടെ ജോലി ചെയ്താൽ ഒരു ലക്ഷം സാലറി ലഭിക്കുമെന്നും താമസവും ഭക്ഷണവും കമ്പനി തരുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് ജോലിയുടെ ആവശ്യത്തിലേക്കായി രാഹുലിൽ നിന്ന് വൈശാഖ് പല തവണകളായി ₹.3,62,000/- രൂപ വൈശാഖിന്റെ ചാലക്കുടിയിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയപ്പിച്ച് കൈപറ്റുകയായിരുന്നു. തുടർന്ന് വിസ അടിക്കുന്നതിനാണെന്ന് പറഞ്ഞ് രാഹുലിൽ നിന്ന് പാസ്പോർട്ട് വാങ്ങുകയും 2 മാസം കഴിയുമ്പോൾ വിസയും, പാസ്പോർട്ടും, പ്ലയിൻ ടിക്കറ്റും അയച്ച് കൊടുക്കാമെന്ന് പറയുകയും 2 മാസം കഴിഞ്ഞപ്പോൾ പാസ്പോർട്ട് മാത്രം അയച്ചു കൊടുക്കുകയുമായിരുന്നു, ഇതിനു ശേഷം വൈശാഖിനെ ഫോൺ വിളിക്കുമ്പോൾ ഫോൺ എടുക്കാതിരുന്നതിനാൽ തട്ടിപ്പായിരുന്നുവെന്ന് മനസിലാക്കി പുതുക്കാട് പോലീസ് സ്റ്റേഷനിൽ 03-10-2024 തിയ്യതിയിൽ പരാതി പറഞ്ഞത് പ്രകാരം FIR രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഈ കേസിലെ അന്വേഷണം നടത്തി വരവെ സംഭവത്തിനു ശേഷം കടന്നു കളഞ്ഞ വൈശാഖ് ഈയിടെയായി ആമ്പല്ലൂർ ജംഗ്ഷന് സമീപമുള്ള ലോഡ്ജിൽ ഒളിച്ച് താമസിക്കുന്നുണ്ടെന്നുള്ള രഹസ്യ വിവരം തൃശൂർ റൂറൽ പോലിസ് മേധാവി ബി. കൃഷ്ണകുമാർ IPS ന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വൈശാഖിനെ ആമ്പല്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. വൈശാഖിന് കാസർഗോഡ് നീലേശ്വരം പോലീസ് സ്റ്റേഷനിൽ 2019 ൽ വിദേശത്ത് ജോലിക്കായി വിസ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ₹5,00000/- (അഞ്ച് ലക്ഷം) രുപയുടെ തട്ടിപ്പ് നടത്തിയ കേസുണ്ട്. പുതുക്കാട് SHO സജീഷ് കുമാറിൻ്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ലാലു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ദീപക്, ഷെഫീക്, സുജിത് എന്നിവരാണ് വൈശാഖിനെ അറസ്റ്റ് ചെയ്ത അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
ക്രൊയോഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി റിമാന്റിൽ
