വാടാനപ്പള്ളി: മദ്യ ലഹരിയിൽ സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട ശേഷം സിമന്റ് ഇഷ്ടിക കൊണ്ട് ക്രൂരമായി ആക്രമിച്ച് തലയിലും നെഞ്ചത്തും പരിക്കുകൾ വരുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കോട്ടയം കാഞ്ഞിപ്പിള്ളി വട്ടകപ്പാറ വീട്ടിൽ സാജൻ ചാക്കോ (39 വയസ്സ് ) എന്നയാളെയാണ് വാടാനപ്പള്ളി പൊലീസ് സംഭവസ്ഥലത്ത് നിന്ന് പിടികൂടിയത്.
അടൂർ, പത്തനംതിട്ട സ്വദേശി പടിഞ്ഞാറ്റേതിൽ വീട്ടിൽ അനിൽകുമാർ (40 വയസ്സ്) എന്നയാളും സാജൻ ചാക്കോയും തൃത്തല്ലൂർ മൊളുബസാർ എന്ന സ്ഥലത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവർ ജോലി ചെയ്യുന്നവരാണ്. ഇവർ 15/04/2025 തീയതി രാത്രി 11.30 മണിയ്ക്ക് ഒന്നിച്ചു താമസിച്ചു വന്നിരുന്ന മൊളുബസാറിനു സമീപത്തായുള്ള വീടിൻ്റെ ഒന്നാം നിലയിൽ വച്ച് മദ്യപിക്കുകയും തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ സാജൻ ചാക്കോ, അനിൽകുമാറിനെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട ശേഷം സാജൻ ചാക്കോയും താഴെക്കിറങ്ങി വന്ന് മുറ്റത്തു വീണു കിടക്കുന്നുണ്ടായിരുന്ന വലിയ സിമന്റ് ഇഷ്ടിക കൊണ്ട് തലയിലും നെഞ്ചത്തുമായി ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി എസ് ബിനു, സബ്ബ് ഇൻസ്പെക്ടർമാരായ ശ്രീലക്ഷ്മി, റഫീഖ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജ്കുമാർ, ജിനേഷ്, സിവിൽ പോലീസ് ഓഫീസർ അമൽ എന്നിവരാണ് പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.