Channel 17

live

channel17 live

വിവിധ പദ്ധതികളിൽ മികച്ച നേട്ടം കൈവരിച്ച് തൃശൂർ ജില്ല

സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതിയിൽ ജില്ല മികച്ച നേട്ടമാണ് കൈവരിച്ചത് പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ നടന്ന മേഖലാതല അവലോകന യോഗം വിലയിരുത്തി. അതിദാരിദ്ര്യ നിർമാർജനത്തിലും ലൈഫ് ഭവന പദ്ധതി യിലും ആർദ്രം പദ്ധതിയുടെ ഭാഗമായ ആരോഗ്യ സ്ഥാപനങ്ങളുടെ പരിവർത്തനത്തിലും ജില്ല നല്ല രീതിയിലുള്ള പുരോഗതി കൈവരിച്ചിട്ടുണ്ട്. ജില്ലയിൽ 5013 അതിദരിദ്ര കുടുംബങ്ങൾ കണ്ടെത്തിയതിൽ 4158 കുടുംബങ്ങൾ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരായി. 83 ശതമാനം പുരോഗതിയാണ് ഈ കാര്യത്തിൽ കൈവരിച്ചത്. മൂന്നു മാസത്തിനുള്ളിൽ 92 ശതമാനം പുരോഗതി കൈവരിക്കാനാവുമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ യോഗത്തിൽ അറിയിച്ചു.

ഭവനരഹിതര്‍ക്ക് വീട് വച്ച് നല്‍കുന്ന ലൈഫ് പദ്ധതിയിൽ 82 ശതമാനം വീടുകളും പൂർത്തീകരിച്ചിട്ടുണ്ട്. 2025 ആഗസ്റ്റ് മാസത്തിനകം 84.12 ശതമാനം പുരോഗതി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ജില്ലയിലെ 328 റോഡുകളിൽ 123 റോഡുകളുടെ പ്രവൃത്തികൾ ആരംഭിച്ചു. അടുത്ത മൂന്നു മാസത്തിനകം മുഴുവൻ റോഡുകളുടെയും പ്രവൃത്തികൾ പൂർത്തീകരിക്കും. ആർദ്രം പദ്ധതിയുടെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളുടെ പരിവർത്തനം ജില്ലയിൽ നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. പരിവർത്തനത്തിനായി തിരഞ്ഞെടുക്കപ്പെട്ട 81 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 72ലേയും പ്രവൃത്തികൾ പൂർത്തീകരിച്ചു.

വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങളിൽ കിഫ്ബി പദ്ധതി വഴി ഭൗതിക സൗകര്യ വികസനം മികച്ച രീതിയിലാണ്. തിരഞ്ഞെടുത്ത 66 വിദ്യാലയങ്ങളിൽ 46 വിദ്യാലയങ്ങളിലെയും നിർമ്മാണം പൂർത്തീകരിച്ച് 70 ശതമാനം പുരോഗതി കൈവരിച്ചു. മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വാതിൽപ്പടി ശേഖരണത്തിൽ 100 ശതമാനം പുരോഗതി കൈവരിച്ചു. ഹരിത കേരളം മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ജ്യോതി എൻജിനീയറിങ് കോളജ് കാർബൺ എമിഷൻ സർവേയിൽ കാർബൺ നെഗറ്റീവ് സ്റ്റാറ്റസ് കൈവരിച്ചു.

തൃശൂർ ജില്ലയിലെ ലൈഫ് മിഷൻ, തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി, അതി ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി, ആർദ്രം, വിദ്യാകിരണം, മാലിന്യമുക്ത കേരളം, ഹരിത കേരളം മിഷൻ എന്നിവയുടെ പ്രവർത്തനങ്ങളും ജില്ലയിലെ മുൻഗണനാ വിഷയങ്ങളുമാണ് പാലക്കാട് നടന്ന മേഖലാതല അവലോകന യോഗത്തിൽ ചർച്ച ചെയ്തത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!