Channel 17

live

channel17 live

മഴക്കാലത്തെ നേരിടാൻ ജില്ലയിൽ വലിയ ജാഗ്രത വേണം: മന്ത്രി കെ രാജൻ

കാലവർഷം കനക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ എല്ലാവരും വലിയ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ. മഴക്കാല മുന്നൊരുക്കത്തിൻ്റെ ഭാഗമായി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ കാലങ്ങളിൽ ജില്ലയനുഭവിച്ച മഴക്കാല ദുരിതങ്ങൾ എല്ലാവർക്കും പാഠമാകണം. ഒരാളുടെ പോലും ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാനുള്ള എല്ലാത്തരം മുൻകരുതലുകളും സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

മുന്നൊരുക്കങ്ങളുടെ ഭാഗമായി ദേശീയപാതയിലെ ഇരുവശങ്ങളിലേയും ഗതാഗതം സുഗമമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ദേശീയപാത അതോറിറ്റിക്ക് മന്ത്രി നിർദേശം നൽകി. മണ്ണിടിച്ചിൽ പോലുള്ള സാഹചര്യങ്ങളിൽ ജില്ലയിലെ മലയോര ഗതാഗത മേഖലയിൽ ഉണ്ടാവുന്ന അപകടങ്ങങ്ങൾ തടയാനും വേണ്ട നടപടികൾ സ്വീകരിക്കണം.

മഴക്കാലത്ത് ഏറ്റവും കൂടുതൽ ഉണ്ടാവാൻ സാധ്യതയുള്ള ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങൾ ചെറുക്കുന്നതിന് മുന്നൊരുക്കങ്ങൾ സ്വീകരിക്കണം. പ്രതിരോധ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിന് ജില്ലയിലെ സർക്കാർ- സ്വകാര്യ ആശുപത്രികളുടെ യോഗം വിളിക്കാനും മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താനും ജില്ലാ മെഡിക്കൽ ഓഫീസർക്ക് മന്ത്രി നിർദ്ദേശം നൽകി.

ഡാമുകൾ തുറക്കുന്നതിൽ റൂൾ കർവുകൾ കൃത്യമായി പാലിക്കണം. ഒരു സാഹചര്യത്തിലും രാത്രികാലങ്ങളിൽ ഡാമുകൾ തുറക്കരുത്. ചാവക്കാട് ഉൾപ്പെടെയുള്ള ജില്ലയിലെ വിവിധയിടങ്ങളിൽ 325-ഓളം ദുരിതാശ്വാസ ക്യാമ്പുകൾ സജജമാക്കുന്നതിനും ക്യാമ്പുകളിലെ പരിമിതികൾ പരിശോധിച്ച് പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.

വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ സ്കൂളുകളുടേയും ദുരിതാശ്വാസ ക്യാമ്പുകളുടേയും ഫിറ്റ്നെസ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് യോഗത്തിൽ പങ്കെടുത്ത് കൊണ്ട് ഉന്നത വിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു.

കാലവർഷത്തിന് മുന്നോടിയായി എം എൽ എ മാരുടെ അധ്യക്ഷതയിൽ മണ്ഡലാടിസ്ഥാനത്തിൽ യോഗം ചേരണമെന്നും മന്ത്രി നിർദേശിച്ചു. ചാലക്കുടിപ്പുഴ അടക്കമുള്ള നദികളോട് ചേർന്ന് നിൽക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് നേരത്തെ അപകട മുന്നറിയിപ്പുകൾ നൽകുന്നതിന് വേണ്ട സംവിധാനങ്ങൾ ഒരുക്കണമെന്നും മന്ത്രി നിർദേശിച്ചു.

മഴക്കാല ദുരന്ത സാധ്യതാ മേഖലയായ അകമലയിലെ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായി ഭൂമി കണ്ടെത്തി നൽകിയതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. മഴക്കാല മുന്നൊരുക്കത്തിൻ്റെ ഭാഗമായി അപകടകരമായ അവസ്ഥയിലുള്ള മരങ്ങളും മരച്ചില്ലകളും മുറിച്ച് മാറ്റാൻ നിർദേശം നൽകിയതായി കള്കടർ പറഞ്ഞു.

തദ്ദേശസ്വയംഭരണം, ഇറിഗേഷൻ എന്നീ വകുപ്പുകളുടെ അധീനതയിലുള്ള ഡ്രയിനേജ് സംവിധാനങ്ങൾ, ഓടകൾ, കൈത്തോടുകൾ, കൾവർട്ടുകൾ, കനാലുകൾ, ചാലുകൾ, പുഴകൾ എന്നിവയുടെ ശുചീകരണ പ്രവൃത്തികൾ മെയ് 30നകം പൂർത്തിയാക്കണം. ജില്ലയിലെ റോഡുകളുടെ സുരക്ഷ ഉറപ്പുവരുത്തണം. മഴക്കാലത്തിനു മുമ്പ് ദേശീയപാതയിലെ തടസങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ ഉത്തരവാദികൾക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞു. ട്രാൻസ്ഫോമറുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, ഇലക്ട്രിക് ലൈനുകൾ, എന്നിവയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ മഴക്കാലത്തിന് മുന്നോടിയായി കെ എസ് ഇ ബി നടപടിയെടുക്കണം. ട്രൈബൽ മേഖലയിലെ ജനങ്ങളുടെ സുരക്ഷ, ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്കങ്ങൾ, ആപ്താമിത്ര-സിവിൽ ഡിഫൻസ് തുടങ്ങിയ പരിശീലനം നേടിയ സന്നദ്ധ പ്രവർത്തകരുടെ ലഭ്യത ഉറപ്പാക്കൽ തുടങ്ങിയ വിഷയങ്ങളും യോഗം ചർച്ചചെയ്തു.

എം എൽ എമാരായ സേവ്യർ ചിറ്റലപ്പിള്ളി, ഇടി ടൈസൺ മാസ്റ്റർ, എഡിഎം ടി മുരളി, സബ് കളക്ടർ അഖിൽ വി മേനോൻ, അസിസ്റ്റന്റ് കളക്ടർ സ്വാതി റാത്തോർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!