അടിയന്തിരാവസ്ഥകാലത്തെ ജയിൽവാസ അനുഭവങ്ങളും കോൺസൻട്രേഷൻ ക്യാമ്പിലെ പീഡനങ്ങളും ശ്രോതാക്കൾക്ക് അമ്പരപ്പിക്കുന്ന അറിവുകളായി. അടിയന്തിരാവസ്ഥക്ക് അമ്പതാണ്ട് പൂർത്തിയാകുന്ന സാഹചര്യത്തിൽ കുഴിക്കാട്ടുശ്ശേരി ഗ്രാമിക ചർച്ചാവേദി സംഘടിപ്പിച്ച പരിപാടിയിൽ മുൻ നക്സലൈറ്റ് തടവുകാരനും അടിയന്തിരാവസ്ഥ തടവുകാരുടെ ഏകോപന സമിതി ജില്ലാ കൺവീനറും ഗ്രാമിക പ്രസിഡന്റുമായ പി.കെ.കിട്ടനും അടിയന്തിരാവസ്ഥ തടവുകാരനും സി.പി.ഐ. (എം.എൽ) റെഡ്ഫ്ലാഗ് സംസ്ഥാന സെക്രട്ടറിയുമായ പി.സി. ഉണ്ണിച്ചെക്കനുമാണ് അടിയന്തിരാവസ്ഥയുടെ അനുഭവങ്ങൾ പങ്കുവച്ചത്. 17 മാസത്തെ ജയിൽ വാസത്തിന്റെയും ഒരു മാസത്തിലേറെ നീണ്ട തൃശൂരിലെ കോൺസൻട്രേഷൻ ക്യാമ്പിലെയും അനുഭവങ്ങൾ പങ്കുവച്ച കിട്ടൻ മാഷ് ഒരിക്കലും പുറത്തുവരാൻ കഴിയില്ലെന്നു വിശ്വസിച്ചു കൊണ്ടാണ് തടവിൽ കഴിഞ്ഞിരുന്നതെന്ന് ഓർമിച്ചു. അടിയന്തിരാവസ്ഥയ്ക്കെതിരെ പ്രക്ഷോഭമുയർത്തിയവർ ഭരണരംഗത്തു വന്നപ്പോൾ അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്ന പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. രാജ്യം അപ്രഖ്യാപിത അടിയന്തിരാവസ്ഥ യിലേക്ക് നീങ്ങുന്ന ഇക്കാലത്ത് ഇത്തരം ഓർമ്മപ്പെടുത്തൽതന്നെ പോരാട്ടം ആണെന്ന് ഉണ്ണിച്ചെക്കൻ അഭിപ്രായപ്പെട്ടു. അടിയന്തിരാവസ്ഥക്കാലത്ത് പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ ബോംബ് സ്ഫോടനത്തിൽ കൈപ്പത്തി നഷ്ടപ്പെട്ടത് അടക്കമുള്ള സംഭവങ്ങളും അദ്ദേഹം വിവരിച്ചു. ഡോ.വടക്കേടത്ത് പത്മനാഭൻ, അനീഷ് ഹാറൂൺ റഷീദ്, കെ. പ്രസാദ്, പി.സതീശൻ, അരുൺ ഗായത്രി, സി.യു. ശശീന്ദ്രൻ, എം.എ.ബാബു എന്നിവർ സംസാരിച്ചു.
ഗ്രാമികയിൽ ജയിൽ അനുഭവങ്ങൾ പങ്കുവച്ച് അടിയന്തിരാവസ്ഥ തടവുകാർ
