കൊരട്ടി : കൊരട്ടി ചിറങ്ങര സുഗതി സ്വദേശി പയ്യപ്പിള്ളി വീട്ടിൽ പ്രിൻസൺ 42 വയസ് എന്നയാൾക്കും കുടുബത്തിനുമായി കാനഡയിൽ നിന്നും കൊച്ചിയിലേക്ക് നാലു പേർക്കുള്ള എയർ ടിക്കറ്റ്’ എടുത്ത് കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 11.04.2024 തിയ്യതി ₹.50,000/- രൂപയും, 12.04.2024 തിയ്യതി ₹.2,30,000/- രൂപയും അടക്കം ആകെ ₹.2,80,000/- (രണ്ട് ലക്ഷത്തി എൺപതിനായിരം രൂപ) ബാങ്ക് അക്കൗണ്ട് മുഖേന അയച്ച് വാങ്ങിയ ശേഷം എയർ ടിക്കറ്റ് ശരിയാക്കി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ തൃശ്ശൂർ ജില്ല വെളുത്തൂർ വില്ലേജ് തച്ചംപിള്ളി സ്വദേശി അനീഷ ബി. 27 വയസ് എന്ന സ്ത്രീയെയാണ് കോടതിയുടെ അനുമതിയോടെ തിരുവനന്തപുരം വനിതാ ജയിലിൽ വെച്ച് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
ഈ കേസിലെ അന്വേഷണം നടത്തി വരവെ അനീഷ ആലപ്പുഴ കുത്തിയതോട് പോലീസ് സ്റ്റേഷനിലെ ഒരു തട്ടിപ്പ് കേസിൽ അറസ്റ്റിലായി തിരുവനന്തപുരം വനിതാ ജയിലിൽ തടവിൽ കഴിയുന്നതായി വിവരം ലഭിച്ചതനുസരിച്ച് കോടതിയുടെ അനുമതിയോടെയാണ് ഇവരെ കൊരട്ടി പോലീസ് സ്റ്റേഷനിലെ കേസിലേക്ക് വേണ്ടി അറസ്റ്റ് ചെയ്തത്. തുടർന്ന് ഈ കേസിലേക്ക് വേണ്ടി കസ്റ്റഡിയിൽ വാങ്ങി കൊരട്ടി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം കൊരട്ടി പോലീസ് സ്റ്റേഷനിലെ കേസിലേക്കും കൂടി റിമാന്റ് ചെയ്യുന്നതിനുള്ള റിപ്പോർട്ട് സഹിതം ഇന്ന് 14-07-2025 തിയ്യതി തിരികെ കോടതിയിൽ ഹാജരാക്കും.
അനീഷ തൃശ്ശൂർ റൂറൽ, തൃശ്ശൂർ സിറ്റി, എറണാംകുളം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കോട്ടയം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 21 തട്ടിപ്പ് കേസുകളിലെ പ്രതിയാണ്. കൊരട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമൃതരംഗൻ, എസ്.ഐ. മാരായ ഷാജു.ഒ.ജി, ജോയി.കെ.എ, എ.എസ്.ഐ. ഷീബ എന്നിരാണ് അന്വേഷണ സംഘത്തിലുള്ളത്.