” ദ്യുതി “കൗൺസലിങ് സെന്ററിന് ആരംഭം
കയ്പമംഗലം മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ലഹരി വിരുദ്ധ ബോധവത്കരണത്തിനും ലഹരിക്ക് കീഴ്പ്പെട്ട കുട്ടികൾക്ക് ആവശ്യമായ കൗൺസലിംഗ് നൽകുന്നത്തിനുമായി ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ ദ്യുതി കൗൺസലിംഗ് സെന്റർ ആരംഭിച്ചു.
പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച കേന്ദ്രത്തിൽ ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂർ സെന്റർ പ്രവർത്തിക്കും. കൂടാതെ ഹെൽപ് ലൈൻ കോർഡിനേഷൻ ഉണ്ടാകും. എല്ലാ ദിവസവും പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന കേസ് റഫറൻസ് അലോട്മെന്റ് ചെയ്ത് മെഡിക്കൽ എയ്ഡ്, ലീഗൽ എയ്ഡ് കേസുകൾക്കായി ആവശ്യമായ സർക്കാർ സംവിധാനങ്ങളെ മണ്ഡലം തലത്തിൽ ഏകോപിപ്പിച്ച് പ്രവർത്തിപ്പിക്കും.
കൗൺസലിങ് സെൽ മോണിറ്ററിങ്ങും, കേസ് റെഫറൽ പ്രക്രിയ മോണിട്ടറിങ്ങും സംഘടിപ്പിക്കും. എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം അഞ്ചുമണിക്ക് റിപ്പോർട്ട് അവലോകനവും, മീറ്റിങ്ങും നടത്തും. സ്കൂളുകളിലും, പൊതു സ്ഥാപനങ്ങളിലും കൗൺസലിങ് സംവിധാനത്തെ കുറിച്ച് പ്രചരണം നടത്തി സെല്ലിന്റെ സേവനം കൂടുതൽ കാര്യക്ഷമമാക്കും. കർശനമായ രഹസ്യസ്വഭാവം പാലിച്ചുകൊണ്ടാവും കേസ് കൈകാര്യം ചെയ്യുക. സെൽ മോണിറ്ററുടെ രേഖാമൂലമുള്ള അനുമതിയോടെ ഡീ അഡിക്ഷൻ സെന്റർ സേവനം ആവശ്യമായി വരുന്നവർക്ക് ഡി അഡിക്ഷൻ സെന്ററുകളുടെ സേവനം ലഭ്യമാക്കും.
എം ഇ എസ് അസ്മാബി കോളേജിലെ സൈക്കോളജി വിഭാഗവും, സൈക്കോളജിയിൽ പോസ്റ്റ് ഗ്രാജ്വേഷൻ നേടിയ മണ്ഡലത്തിലെ ബിരുദ വിദ്യാർത്ഥികളുടേയും ആരോഗ്യ വകുപ്പിന്റേയും സഹായ സഹകരണത്തോടെയാണ് കൗൺസലിംഗ് സെന്റർ പ്രവർത്തിക്കുന്നത് എന്ന് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ പറഞ്ഞു. കൗൺസലിംഗ് ആവശ്യമുള്ളവർ 9946238540,
9895027450 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും എം എൽ എ അറിയിച്ചു.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ അധ്യക്ഷത വഹിച്ചു. പെരിഞ്ഞനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, എം ഇ എസ് അസി. പ്രാെഫ. ഡോ. ലത്തീഫ് പന്നത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ ടി കെ ചന്ദ്രബാബു, ശോഭന രവി, എം എസ് മോഹനൻ, മതിലകം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹഫ്സ ഗഫൂർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്മാരായ ടി എസ് രാജു, അബ്ദുൾ നാസർ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺമാരായ വത്സമ്മ ടീച്ചർ, ഷാഹിദ തങ്ങൾ, ഷീല ടീച്ചർ, ബ്ലോക്ക് മെമ്പർ ആർ കെ ബേബി, എം ഇ എസ് അസ്മാബി കോളേജ് സെക്രട്ടറി വി എം ഷൈയിൻ, റിട്ട. എക്സൈസ് ഓഫീസർ ജമാൽ, ജനറൽ കോഡിനേറ്റർ ടി. എസ്. സജീവൻമാസ്റ്റർ എന്നിവർ പങ്കെടുത്തു.