സമഗ്ര ശിക്ഷ കേരളം പഴയന്നൂര്‍ ബി.ആര്‍.സിയുടെ കീഴിലുള്ള പാഞ്ഞാള്‍ ഓട്ടിസം സെന്റര്‍ നവീകരിച്ചു. നവീകരിച്ച സെന്ററിന്റെ ഉദ്ഘാടനം യു.ആര്‍ പ്രദീപ് എം.എല്‍.എ നിര്‍വ്വഹിച്ചു. സമഗ്ര ശിക്ഷ കേരളം പഴയന്നൂര്‍ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ കീഴിലുള്ള പാഞ്ഞാള്‍ ഓട്ടിസം സെന്റര്‍ ഭിന്നശേഷി സൗഹൃദമാക്കി മാറ്റുന്നതിനുള്ള പദ്ധതികള്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പൂര്‍ത്തിയാക്കിയത്. കെട്ടിട നവീകരണം, ചുറ്റുമതില്‍, ഗേറ്റ് എന്നിവക്കായി പത്ത് ലക്ഷം രൂപ ചിലവഴിച്ചാണ് സെന്റര്‍ നവീകരിച്ചത്.
ഇതോടൊപ്പം കുട്ടികള്‍ക്ക് കളിക്കാനുള്ള കളിയിടം പദ്ധതിയുടെ ഭാഗമായി പൈങ്കുളം സതേണ്‍ റോക്‌സിന്റെ സി.എസ്.ആര്‍ ഫണ്ടായ നാല് ലക്ഷം രൂപ വിനിയോഗിച്ച് സെന്‍സറി പ്ലേ ഏരിയ, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ്, കളിയുപകരണങ്ങള്‍, കാര്‍പെറ്റ്, ട്രോളി സ്പീക്കര്‍ സിസ്റ്റം, അഡാപ്റ്റഡ് ചെയറുകള്‍, കെട്ടിട നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും സെന്ററില്‍ പൂര്‍ത്തീകരിച്ചു.
പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷ്‌റഫ് അധ്യക്ഷനായ ചടങ്ങില്‍ പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ, സതേണ്‍ റോക്‌സ് ഗ്രൂപ്പ് സി.ഇ.ഒ പ്രിന്‍സ് എബ്രഹാം എന്നിവര്‍ മുഖ്യാതിഥികളായി. പഴയന്നൂര്‍ ബി.ആര്‍.സി.യിലെ ബി.പി.സി കെ. പ്രമോദ്, പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. കൃഷ്ണന്‍കുട്ടി, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ഇ ഗോവിന്ദന്‍, കിള്ളിമംഗലം ഗവ. യു.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം.എന്‍ ബര്‍ജിലാല്‍, ബി.ആര്‍.സി ട്രെയ്‌നര്‍ വി.വി ചാന്ദ്‌നി, പാഞ്ഞാള്‍ ഗ്രാമീണ വായനശാല പ്രസിഡന്റ് വിജയ് ആനന്ദ്, ഓട്ടിസം സെന്റര്‍ സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ ടി.എക്‌സ് റിന്‍സി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.