Channel 17

live

channel17 live

പ്രഥമ സംസ്ഥാന ആയുഷ് കായ്കല്‍പ് പുരസ്‌കാരം;അയ്യന്തോള്‍ സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറിക്ക് ജില്ലയില്‍ ഒന്നാം സ്ഥാനം

സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ ആയുഷ് കായ്കല്‍പ് പുരസ്‌കാരം കരസ്ഥമാക്കി തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള അയ്യന്തോള്‍ സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറി. 99.58 ശതമാനം മാര്‍ക്കോടെയാണ് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയത്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക.

സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യസംസ്‌കരണം, അണുബാധനിയന്ത്രണം എന്നിവ വിലയിരുത്തി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടന്ന പരിശോധനകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിലാണ് അയ്യന്തോള്‍ സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറി നേട്ടം കരസ്ഥമാക്കിയത്. സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുകയാണ് പുരസ്‌കാരത്തിന്റെ ലക്ഷ്യം.

ഡിസ്‌പെന്‍സറിയില്‍ നടപ്പിലാക്കിവരുന്ന ഇമേജ് വഴിയുള്ള ബയോമാലിന്യ സംസ്‌കരണം, അണുബാധനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, മികച്ച ശുചീകരണോപാധികള്‍, ജൈവമാലിന്യ സംസ്‌കരണ സംവിധാനം, ജീവിത ശൈലി രോഗനിര്‍ണയ സൗകര്യം, അടിസ്ഥാന സൗകര്യ വികസനം, ഔഷധസസ്യത്തോട്ടം, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പുരസ്‌കാരത്തിലേക്ക് നയിച്ചത്. കൂടാതെ പൊതുജനങ്ങള്‍ക്കായി എല്ലാ ദിവസവും സൗജന്യ യോഗ പരിശീലന ക്ലാസുകളും ലഭ്യമാണ്.

മികച്ച സൗകര്യങ്ങളോടെയുള്ള കെട്ടിടം ഉള്‍പ്പെടെ എല്ലാ ആധുനിക സംവിധാനങ്ങളും ഒരുക്കിയ തൃശ്ശൂര്‍ കോര്‍പ്പറേഷന്റെയും ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെയും പൂര്‍ണ്ണപിന്തുണയും സഹകരണവും, ജീവനക്കാരുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയുമാണ് അയ്യന്തോള്‍ ഡിസ്‌പെന്‍സറിക്ക് നേട്ടം കൈവരിക്കാനായത്.

ചങ്ങാതിക്കൊരു തൈ; കുട്ടികളില്‍ പരിസ്ഥിതി സ്‌നേഹം വളര്‍ത്തി നഗരസഭ

പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ആശയവുമായി വീടുകളില്‍ നിന്നും വിവിധതരം ഫലവൃക്ഷതൈകള്‍ കൊണ്ടുവന്ന് ആത്മമിത്രങ്ങള്‍ക്ക് കൈമാറുന്ന ‘ചങ്ങാതിക്കൊരു തൈ’ മാതൃകാപദ്ധതിക്ക് കുന്നംകുളം നഗരസഭയില്‍ തുടക്കമായി. 24-ാം വാര്‍ഡിലെ ആനായ്ക്കല്‍ സി.എം.എസ് എല്‍.പി സ്‌കൂളില്‍ തുടങ്ങിയ പദ്ധതി നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ, കുന്നംകുളം കൃഷിഭവന്‍, ജില്ലാ ഹരിതകേരള മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി ‘ഒരു തൈ നടാം ഒരുകോടി ഫല വൃക്ഷതൈകള്‍’ ക്യാമ്പയിനിന്റെ ഭാഗമായാണ് നഗരസഭാതലത്തില്‍ ‘ചങ്ങാതിക്കൊരു തൈ’ ആരംഭിച്ചത്. സ്‌കൂളിലെ എല്ലാ കുട്ടികളും ഓരോ ഫലവൃക്ഷതൈകള്‍ കൊണ്ടുവരണമെന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളോട് അറിയിച്ചതു പ്രകാരം എല്ലാ കുട്ടികളും ഏറെ ഉത്സാഹത്തോടെ തന്നെ തൈകള്‍ കൊണ്ടുവന്നു. സ്‌കൂള്‍ അങ്കണത്തില്‍ തൈകള്‍ പരസ്പരം കൈമാറി. ഇതോടൊപ്പം നഗരസഭ കൃഷി വകുപ്പുമായി സഹകരിച്ച് കുട്ടികള്‍ക്ക് 100 കശുമാവിന്‍ തൈകളും വിതരണം ചെയ്തു. ഫലവൃക്ഷതൈകള്‍ വീട്ടില്‍ കൊണ്ടുപോയി നട്ടുപിടിപ്പിക്കാനും തുടര്‍ന്ന് അതിനെ പരിപാലിക്കാനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അധ്യാപകര്‍ കുട്ടികള്‍ക്കു നല്‍കി.

ചടങ്ങില്‍ കൗണ്‍സിലര്‍ ടി.ബി ബിനീഷ് അധ്യക്ഷനായി. പ്രധാനാധ്യാപിക ഷീജ പി. രാഘവന്‍, കൃഷി ഓഫീസര്‍ ജയന്‍ മുതുകുളം, ഹരിത കേരള മിഷന്‍ റിസോഴ്‌സ്‌പേഴ്‌സണ്‍ ഭവ്യ വിന്‍സാല്‍, പി.ടി.എ പ്രസിഡന്റ് രേഷ്മ ജയറാം, സ്റ്റാഫ് സെക്രട്ടറി സിമി സോളമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2025-2026 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്കും ഹെല്‍ത്ത് ഗ്രാന്റ് സ്പില്ലോവറുകള്‍ക്കും ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സിന്റെ അധ്യക്ഷതയിലാണ് ആസൂത്രണ സമിതി യോഗം ചേര്‍ന്നത്.

44 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് യോഗം അംഗീകാരം നല്‍കി. 62 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭേദഗതികള്‍ക്ക് ആദ്യ ഘട്ടത്തില്‍ അംഗീകാരം നല്‍കിയിരുന്നു. ജില്ലയില്‍ ഇതുവരെ 106 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരമായി.

ഗുരുവായൂര്‍ നഗരസഭ, അളഗപ്പ നഗര്‍ ഗ്രാമപഞ്ചായത്ത്, ദേശമംഗലം ഗ്രാമപഞ്ചായത്ത്, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്, കടപ്പുറം ഗ്രാമപഞ്ചായത്ത് തുടങ്ങിയ അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഹെല്‍ത്ത് ഗ്രാന്റ് സ്പില്‍ ഓവറിനും യോഗം അംഗികാരം നല്‍കി.

ആസൂത്രണ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ടി.വി ഷാജു, സര്‍ക്കാര്‍ പ്രതിനിധി സുധാകരന്‍, ആസൂത്രണ സമിതി അംഗങ്ങള്‍, വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഡോക്ടര്‍മാരുടെ താത്ക്കാലിക (അഡ്‌ഹോക്) ഒഴിവ് അപേക്ഷ ക്ഷണിച്ചു

തൃശ്ശൂര്‍ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ (മോഡേണ്‍ മെഡിസിന്‍) ഡോക്ടര്‍മാരുടെ ഒഴിവുള്ള തസ്തികകളിലേക്ക് അഡ്‌ഹോക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ജൂലൈ 23ന് രാവിലെ 10.30 ജില്ലാ മെഡിക്കല്‍ ഓഫീസിലാണ് (ആരോഗ്യം) അഭിമുഖം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും ടി.സി.എം.സി റെജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബിരുദം (എം.ബി.ബി.എസ്) സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, ആധാര്‍/ ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!