ഇരിങ്ങാലക്കുട പടിയൂരിൽ നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി സർവ്വീസിന്റെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു. സാധാരണക്കാർക്ക് ഉപകാരപ്രദമാകുന്നതാണ് പടിയൂരിൽ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളജിലേക്കുള്ള ബസ് സർവ്വീസെന്ന് ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിങ് സെന്ററിൽ നിന്നും ഇന്ന് (തിങ്കളാഴ്ച) മുതൽ പുതിയ സർവ്വീസ് ആരംഭിക്കും. രാവിലെ 6.20 ന് ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്ന സർവ്വീസ് പ്രൈവറ്റ് ബസ് സ്റ്റാൻഡ് – ഠാണാ ചന്തക്കുന്ന് – എടതിരിഞ്ഞി – വളവനങ്ങാടി വഴി മതിലകം ടോൾ കടവിലെത്തി അവിടെ നിന്നും 7 മണിക്ക് മെഡിക്കൽ കോളേജിലേക്കുള്ള സർവ്വീസ് ആരംഭിക്കും. പടിയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്, എടതിരിഞ്ഞി, പൂച്ചക്കുളം, കണ്ഠേശ്വരം ക്ഷേത്രം, കൂടൽമാണിക്യം ക്ഷേത്രം, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ഠാണാ, ഊരകം, തൃശ്ശൂർ വെളപ്പായ വഴി മെഡിക്കൽ കോളേജിൽ രാവിലെ 9.40 ന് എത്തിച്ചേരും.
മെഡിക്കൽ കോളജിൽ നിന്നും വൈകീട്ട് 5 ന് തൃശ്ശൂർ, ഊരകം, ഇരിങ്ങാലക്കുട, കൂടൽമാണിക്യം ക്ഷേത്രം, കണ്ഠേശ്വരം ക്ഷേത്രം, എടതിരിഞ്ഞി, വളവനങ്ങാടി വഴി കൊടുങ്ങല്ലൂരിൽ രാത്രി 7.40 ന് എത്തി അവിടെ നിന്നും അപ്പോൾ തന്നെ തിരിച്ച് രാത്രി 8.30 ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിക്കും. പടിയൂർ ഗ്രാമ പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ്, കെ.എസ്.ആർ.ടി.സി ചാലക്കുടി എ.ടി.ഒ കെ.ജെ സുനിൽ, പടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം പ്രേമവത്സൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ് അശോകൻ, വാർഡ് മെമ്പർ ശ്രീജിത്ത് മണ്ണായിൽ, കെ.എസ്.ആർ.ടി.സി ഇരിങ്ങാലക്കുട ടി.ഡി.എഫ് ബിജു ആന്റണി, കെ.എസ്.ആർ.ടി.സി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.