ന്യൂഡൽഹി: അങ്കമാലി, ആലുവ, ചാലക്കുടി റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ കൂടുതൽ ട്രെയിനുകൾക്ക് ഇവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും പ്രധാന സ്റ്റേഷനുകളിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ബെന്നി ബഹനൻ എം പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ കണ്ട് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഏറ്റവും അടുത്തുള്ള അങ്കമാലി, ചാലക്കുടി, ആലുവ റെയിൽവേ സ്റ്റേഷനുകളുടെ സേവനം പ്രതിവർഷം 1 കോടിയിലധികം യാത്രക്കാർക്കാണ് ഗുണം ചെയ്യുന്നത്. അതിൽ 36.95 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരും ഉൾപ്പെടുന്നതായും എം.പി. ചൂണ്ടിക്കാട്ടി.
ആലുവയിൽ ട്രിവാൻഡ്രം –കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സിനും, ചാലക്കുടിയിൽ പാലരുവി എക്സ്പ്രസിനും അങ്കമാലിയിൽ ഏറനാട് എക്സ്പ്രസിനും സ്റ്റോപ്പുകൾ അനുവദിക്കണം. ഒപ്പം ആലുവറെയിൽവേ സ്റ്റേഷനിൽ പടിഞ്ഞാറൻ പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടർ, ആധുനിക പാർക്കിംഗ് സൗകര്യം, ഫുട് ഓവർബ്രിഡ്ജിന്റെ പ്രോപ്പർ പരിപാലനം, ലിഫ്റ്റ്, എസ്കലേറ്റർ തുടങ്ങിയ യാത്രക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും എംപി മന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.