ഓണത്തോടനുബന്ധിച്ച് കേരളത്തിൽ ഒരു ലക്ഷം പേർക്കും തൃശ്ശൂർ ജില്ലയിൽ 15,000 പേർക്കും തൊഴിലവസരം ഒരുക്കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷനും വിജ്ഞാനകേരളവും ചേർന്ന് 30,000 അയൽക്കൂട്ടങ്ങളിൽ ക്യാമ്പെയ്ൻ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. തൃശ്ശൂർ കേരള ബാങ്ക് ഹാളിൽ നടന്ന ജില്ലാതല യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. തൊഴിൽ രഹിതരായ കുടുംബശ്രീ അംഗങ്ങൾക്കും കരിയർ ബ്രേക്ക് വന്ന സ്ത്രീകൾക്കും, നൈപുണ്യ പരിശീലനങ്ങൾ വഴി പുതിയ തൊഴിലവസരങ്ങൾ ഉറപ്പാക്കും എന്നതാണ് പ്രധാന ലക്ഷ്യം. ഓരോ സി.ഡി.എസ്. പരിധിയിലും ലഭ്യമായ തൊഴിലുകൾ കണ്ടെത്തി തൊഴിൽ സന്നദ്ധരെ ബന്ധപ്പെടുത്തുകയും പരിശീലനം നൽകുകയും ചെയ്യും.
ഓഗസ്റ്റ് എട്ട്, ഒമ്പത് തിയതികളിൽ സി.ഡി.എസ്., എ.ഡി.എസ്. തലങ്ങളിൽ യോഗങ്ങൾ നടത്തി വാർഡ് തലത്തിൽ അയൽക്കൂട്ട യോഗങ്ങൾ വഴി തൊഴിൽ രഹിതരെ കണ്ടെത്തും. ഓഗസ്റ്റ് പത്തിന് കുടുംബശ്രീ അംഗങ്ങൾ പ്രത്യേക യോഗം ചേർന്ന് ആഗസ്റ്റ് 11-ന് പ്രാദേശിക തൊഴിൽ ദാതാക്കളെ കണ്ടെത്തി രജിസ്റ്റർ ചെയ്യിക്കുകയും തൊഴിലൊഴിവുകൾ രേഖപ്പെടുത്തുകയും ചെയ്യും. ഓരോ വാർഡിൽ നിന്നും പത്ത് പേർക്ക് ജോലി നൽകാനാണ് ലക്ഷ്യം.
കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. യു. സലിൽ അധ്യക്ഷത വഹിച്ചു. വിജ്ഞാനകേരളം ജില്ലാ കോ ഓർഡിനേറ്റർ കെ.വി. ജ്യോതിഷ് കുമാർ, കില ജില്ലാ ഫെസിലിറ്റേറ്റർ അനൂപ് കിഷോർ, കില ഫാകൽറ്റി ഡോ. കെ. രാജേഷ്, കുടുംബശ്രീ അസിസ്റ്റന്റ് കോ- ഓർഡിനേറ്റർമാരായ കെ. രാധാകൃഷ്ണൻ , കെ.കെ പ്രസാദ്, ജില്ലാ പ്രോഗ്രാം മാനേജർമാർ, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സണ്മാർ, വൈസ് ചെയർപേഴ്സണ്മാർ, ഉപജീവന ഉപസമിതി കൺവീനർമാർ, മെമ്പർ സെക്രട്ടറിമാർ, ഡി.ഡി.യു-ജി.കെ.വൈറിസോഴ്സ് പേഴ്സണ്മാർ, ബ്ലോക്ക് കോ ഓർഡിനേറ്റർമാർ, കമ്മ്യൂണിറ്റി അംബാസഡർമാർ, തുടങ്ങിയവർ പങ്കെടുത്തു.