Channel 17

live

channel17 live

നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് കൈത്താങ്ങായി ഫാ. ചിറമ്മേലച്ചനും, ആസ്റ്റര്‍ മെഡ് സിറ്റിയും

തൃശ്ശൂര്‍: നിര്‍ധനരായ കാന്‍സര്‍ രോഗ ബാധിതരായവര്‍ക്ക് ആഗോള നിലവാരത്തിലുള്ള ചികിത്സ  മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനുമായി ആസ്റ്റര്‍ മെഡ് സിറ്റി പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനായ ഫാദര്‍ ഡേവിസ് ചിറമേലുമായി സഹകരിക്കുന്നു. ‘കിഡ്‌നി പ്രീസ്റ്റ്’ എന്നറിയപ്പെടുന്ന ഫാ. ചിറമേല്‍ ആക്‌സിഡന്റ് കെയര്‍, ട്രാന്‍സ്പോര്‍ട് സര്‍വീസ്, കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നീ ജീവകാരുണ്യ സ്ഥാപനങ്ങളുടെ സ്ഥാപകന്‍ കൂടിയാണ്.
 
ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ 200ലധികം മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍  ഇതിനോടകം വിജകരമായി  പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. അര്‍ബുദ രോഗ ചികിത്സയില്‍ ഏറെ വൈദഗ്ധ്യമുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത്.  ‘ആസ്റ്റര്‍ കെയര്‍ ടുഗെതര്‍’ എന്നപേരില്‍ പദ്ധതി സംസ്ഥാനത്താകമാനം നടപ്പിലാക്കുകയാണ് ലക്ഷ്യം. ആഗോള നിലവാരത്തിലുള്ള അര്‍ബുദരോഗ ചികിത്സ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ലഭ്യമാക്കാന്‍ ഉദ്ദേശിച്ചാണ് പദ്ധതി.

എല്ലാത്തരം അര്‍ബുദ രോഗങ്ങള്‍ക്കും വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ ലഭ്യമാണ്. ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ഇല്ലാത്ത ജില്ലകളില്‍ പ്രാദേശിക ആശുപത്രികളുമായോ, മറ്റ് സ്ഥാപനങ്ങളുമായോ ചേര്‍ന്ന് കീമോ തെറാപ്പി യൂണിറ്റുകള്‍ സ്ഥാപിക്കും. കൂടാതെ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സേവനവും ഈ സെന്ററുകളില്‍ ഏര്‍പ്പെടുത്തും. 

ലോകോത്തര നിലവാരത്തിലുള്ള അര്‍ബുദരോഗ ചികിത്സ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ഉറപ്പാക്കുന്ന പദ്ധതിയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഫാ. ഡേവിസ് ചിറമേല്‍ പറഞ്ഞു.  സാധാരണ ജനങ്ങള്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി ആസ്റ്റര്‍ മെഡ് സിറ്റിയുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 

അര്‍ബുദ രോഗചികിത്സകളുടെ ചിലവ് മൂലം നിര്‍ധനരായ കുടുംബങ്ങളിലെ രോഗികള്‍ക്ക് ജീവന്‍ അപകടത്തിലാകരുതെന്ന ചിന്തയാണ് പുതിയ പദ്ധതിയിലേക്ക് ആസ്റ്റ്‌റിനെ നയിച്ചതെന്ന്  ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള  ആന്‍ഡ് ഒമാന്‍ റീജണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

കൃത്യസമയത്ത് രോഗ നിര്‍ണയം നടത്തുക, എത്രയും വേഗം നിലവാരമുള്ള ചികിത്സ നല്‍കുക എന്നിവ അര്‍ബുദ രോഗ ചികിത്സയില്‍ വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും സാഹചര്യങ്ങള്‍ നിമിത്തം സാധാരണ ജനങ്ങള്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാകുന്നതില്‍ കാലതാമസം നേരിടുന്നുണ്ട്. ഭീമമായ ചികിത്സ ചിലവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സാധാരണക്കാരെ വിഷമത്തിലാക്കുന്നു. ഇതിനൊരു പരിധിവരെ പരിഹാരം കാണുകയാണ് ലക്ഷ്യം. ഫര്‍ഹാന്‍ യാസിന്‍ വ്യക്തമാക്കി.

അത്യാധുനിക ചികിത്സ സൗകര്യം ഉറപ്പാക്കുന്നതോടൊപ്പം മതിയായ ചികിത്സ ലഭിക്കാതെ ആരും ദുരിതം അനുഭവിക്കരുതെന്ന ആസ്റ്ററിന്റെ സ്ഥാപിത ലക്ഷ്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ആസ്റ്റര്‍ കെയര്‍ ടുഗെതര്‍ പദ്ധതിയെന്ന് ആസ്റ്റര്‍ മെഡ് സിറ്റി ഓങ്കോ സര്‍ജറി  സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജെം കളത്തില്‍ പറഞ്ഞു.

കാന്‍സര്‍ രോഗം മൂലം ഓരോ വര്‍ഷവും ശരാശരി 8.7ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ ജീവന്‍ നഷ്ടമാകുന്നത്. അതില്‍ ഏകദേശം 25000ത്തോളം പേര്‍ കേരളത്തില്‍ നിന്നുമാണ്. എത്രയും വേഗത്തില്‍ രോഗ നിര്‍ണയം നടത്തുക, ഉടന്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കുക ചികിത്സ മുടങ്ങാതെ ശ്രദ്ധിക്കുക എന്നിവ അര്‍ബുദ ചികിത്സയില്‍ പരമ പ്രധാനമാണ്. പലപ്പോഴും കാന്‍സര്‍ രോഗങ്ങള്‍ വൈകി അറിയുന്നതും നിലവാരമുള്ള ചികിത്സ ലഭ്യമാകാത്തതും മൂലം ജീവന്‍ നഷ്ടമാകുന്നുമുണ്ട് ഈ സ്ഥിതിക്ക് മാറ്റം കൊണ്ടുവരുന്നതിനുള്ള ചുവടുവയ്പ്പാണ് ആസ്റ്റര്‍ ഹോസ്പിറ്റല്‍ ന്റെ നേതൃത്വത്തില്‍ പുതിയ പദ്ധതിയിലൂടെ നടത്തുന്നതെന്നും ഡോ. ജെം കളത്തില്‍ ചൂണ്ടിക്കാട്ടി. 

 സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരായ രോഗബാധിതര്‍ അവരുടെ അവസ്ഥ സാക്ഷ്യപ്പെടുത്തുന്ന രേഖകള്‍ സഹിതം സമീപിച്ചാല്‍ ഇളവുകളും, സഹായങ്ങളും ലഭിക്കും. മജ്ജ മാറ്റിക്കല്‍ ശസ്ത്രക്രിയ ആവശ്യമായി വരുന്നവര്‍ക്ക് പ്രത്യേക നിരക്കില്‍ സേവനം ലഭ്യമാക്കും. ആസ്റ്റര്‍ മെഡ് സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നീ ആശുപത്രികളെ കൂടാതെ ആസ്റ്റര്‍ മിംസ് കോട്ടക്കല്‍, ആസ്റ്റര്‍ മിംസ് കണ്ണൂര്‍ എന്നീ ആശുപത്രികളും പദ്ധതിക്ക് നേതൃത്വമേകും. കൂടുതല്‍ വിവരങ്ങള്‍ക്ക്

8111998098, 8113078000,9656000601 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ഫാ.ഡേവിസ് ചിറമ്മല്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്റ് ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, ഓങ്കോ സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്‍സ് ഡോ.ജെം കളത്തില്‍. എഡിസ്വ വിനു, എം.വിനീത എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!