Channel 17

live

channel17 live

‘പ്രീതി’ നഷ്ട്ടപ്പെടൽ; ‘പിപ്പിടി’യുമായി വീണ്ടും ഗവർണർ

കൊച്ചി: പ്രാദേശികവാദവും, രാജ്യത്തിൻറെ മറ്റൊരു പ്രദേശത്തെ ഇകഴ്ത്തി കാണിക്കുന്നതും ഭരണഘടനാ വിരുദ്ധവുമായ പ്രസ്താവനയും നടത്തിയ സംസ്ഥാന ധനമന്ത്രി കെ. എൻ ബാലഗോപാലിന് മേലുള്ള തൻറെ പ്രീതി നഷ്ട്ടപ്പെട്ടു എന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് ഗവർണർ – സർക്കാർ പോരിൽ തിളച്ച് മറിയുന്ന കേരള രാഷ്ട്രീയത്തിൽ മറ്റൊരു രാഷ്ട്രീയ വിവാദത്തിന് കൂടി തിരികൊളുത്തിയിരിക്കുന്നു.  

ജനാധിപത്യപരമായ കീഴ്വഴക്കങ്ങൾ പരിഗണിച്ച് ധനമന്ത്രിയുടെ പ്രസ്താവനയിൽ ഗവർണർ കത്തിൽ സൂചിപ്പിക്കുന്ന പോലെയുള്ള വിഷയങ്ങളില്ല എന്നും ആയതിനാൽ തൻറെ മന്ത്രിയായ ബാലഗോപാലിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും കത്തിൽ തുടർനടപടികൾ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു.

ഗവർണർ സ്ഥാനത്തെ ആക്ഷേപിച്ചാൽ ഗവർണറുടെ സംസ്ഥാന മന്ത്രിമാർക്ക് മേലുള്ള പ്രീതി തനിക്ക് നഷ്ടപ്പെടും എന്ന് ഒരാഴ്ച മുൻപേ ഗവർണർ ട്വീറ്റ് ചെയ്തിരുന്നു. മന്ത്രിമാരെ പുറത്താക്കുകയല്ല അവരെ പുറത്താക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും എന്നാണ് തന്റെ ട്വീറ്റിൽ അർത്ഥമാക്കിയിരിക്കുന്നത് എന്ന് ഗവർണർ പിന്നീട് വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ ഗവർണർ ആർഎസ്എസ് പാളയത്തിൽ പോയി ചർച്ച നടത്തുന്നു എന്ന പ്രസ്താവനയാണ് ഗവർണറെ പ്രകോപിപ്പിച്ചത്. ബാലഗോപാലിനും ബിന്ദുവിനുമൊപ്പം വ്യവസായ മന്ത്രി പി. രാജീവും ഗവർണറെ വിമർശിച്ചിരുന്നു.ഗവർണർ ഫ്യൂഡൽ മനസ്ഥിതിക്കാരൻ ആണെന്നും വി.സി. മാരോട് രാജിവെക്കാനുള്ള അന്ത്യശാസനം ഗവർണർ നൽകിയശേഷം ആർ ബിന്ദു പ്രതികരിച്ചിരുന്നു.

എന്നാൽ അപ്രീതി ചൂണ്ടിക്കാണിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ച ശേഷം വളരെ കരുതലോടെയാണ് മന്ത്രി ആർ. ബിന്ദുവും ബാലഗോപാലും പ്രതികരിച്ചത്. ഇന്ന് രാവിലെ മാധ്യമങ്ങൾ ആർ ബിന്ദുവിനെ സമീപിച്ചപ്പോൾ വിഷയത്തിൽ പ്രതികരിക്കാൻ പോലും ആർ ബിന്ദു തയ്യാറായില്ല.

ഗവർണർ ഉന്നയിച്ച ഭരണഘടനാപരമായ കാര്യമാണ് എന്നും അത് ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള കാര്യമാണ് ഇതെന്നും കെ എൻ ബാലഗോപാൽ പ്രതികരിച്ചു രാജ്യത്ത് ഇത്തരമൊരു സംഭവം ആദ്യമായിരിക്കാം എന്നും ബാലഗോപാൽ പ്രതികരിച്ചു. വിഷയത്തിൽ ഗവർണർ തുടർ നടപടികൾ എടുക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

ഗവർണർക്ക് മന്ത്രിയെ പുറത്താക്കാൻ സാധിക്കില്ല എങ്കിലും ഭരണഘടനാ വിരുദ്ധമായി  പ്രസ്താവനകൾ മന്ത്രി നടത്തിയാൽ അത് സത്യപ്രതിജ്ഞാ ലംഘനമായി കണക്കാക്കാം.യു.പി.യെയും – ഉത്തരേന്ത്യയെയും ഇകഴ്ത്തിയുള്ള രാഷ്ട്രീയസംവാദങ്ങളും പ്രസ്താവനകളും കേരളത്തിൽ പതിവാണെങ്കിലും യു. പി ബുലന്ദ്ഷെയർ സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉത്തർപ്രദേശിലെ സർവകലാശാലകളെ അപഹസിച്ചുള്ള ബാലഗോപാലിന്റെ പ്രസ്താവനക്ക് ഗൗരവതരമായ മാനങ്ങൾ ഉണ്ട്.

ഉത്തർപ്രദേശിലെ യൂണിവേഴ്സിറ്റികളിൽ 50 അംഗരക്ഷകരുമായാണ് വൈസ് ചാൻസിലർമാർ നടക്കുന്നത് എന്നും. താൻ എസ്എഫ്ഐ അഖിലേന്ത്യ നേതാവായിരുന്ന കാലത്ത് ഈ അംഗരക്ഷകർ വിദ്യാർത്ഥികളെ  വെടിവെച്ചു കൊന്നിരുന്നു എന്നും, ആയതുകൊണ്ട് അവിടെനിന്ന് വരുന്നവർക്ക് കേരളത്തിലെ സർവകലാശാലകളെ കുറിച്ച് വലിയ ധാരണ ഉണ്ടാകില്ല എന്നുമായിരുന്നു കഴക്കൂട്ടത്ത് കേരള സർവകലാശാലയുടെ ചടങ്ങിൽ വെച്ച് ബാലഗോപാലിൻറെ വിവാദ  പ്രസ്താവന.

ഗവർണർ ഈ വിഷയം വീണ്ടും ഉന്നയിച്ചാലോ ഗവർണറെക്കുറിച്ച് ഇന്ത്യൻ പ്രസിഡണ്ടിന് പരാതി നൽകിയാലോ പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭ സമയത്ത് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നടന്ന ചരിത്ര കോൺഗ്രസിൽ ഇടതുപക്ഷ ചരിത്രകാരൻ ഇർഫാൻ ഹബീബ് ഗവർണർക്ക് നേരെ വേദിയിൽ വെച്ച് ആഞ്ഞടുത്തതും ഗവർണറുടെ അംഗരക്ഷകന്റെ യൂണിഫോം കീറിയതിലും തുടങ്ങിയ ഗവർണർ – സർക്കാർ പോര് പുതിയ മാനങ്ങളിൽ എത്തും.

ഇർഫാൻ ഹബീബിനെതിരെ എന്തുകൊണ്ട് കേസെടുത്തില്ല എന്ന ചോദ്യത്തിന് ദേശീയതലത്തിൽ തന്നെ കേരള സർക്കാരിന് മറുപടി പറയേണ്ടിവരും. അത് കൊണ്ട്  ഗവർണർക്കെതിരെ കടുത്ത വിമർശനങ്ങളിൽ നിന്ന് മന്ത്രിമാർ ഇനിമുതൽ വിട്ടുനിൽക്കും എന്നാണ് അറിയുന്നത്. നവംബർ മൂന്നിന് ശേഷം യു.ജി.സി. നടപടിക്രമങ്ങൾ പാലിക്കാതെ സർക്കാർ നിർദ്ദേശിച്ച് ഗവർണർ നിയമിച്ച കേരളത്തിലെ 11 സർവകലാശാലകളിലെ വി.സി മാരെ പുറത്താക്കുവാൻ തയ്യാറായിരിക്കുന്ന  ഗവർണറുടെ ശക്തമായ സമ്മർദ്ദ തന്ത്രമായും ‘അപ്രീതി ‘ സംബന്ധിച്ച കത്തിനെ കാണാം.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ ഗവർണർക്കെതിരെ നിയമനടപടികൾ പാർട്ടി ആലോചിക്കുന്നു എന്ന് ഇന്ന് ഉച്ചതിരിഞ്ഞ് നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഗവർണർ – സർക്കാർ വിഷയം കോടതിയിലേക്ക് എത്തിയാൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഗവർണർക്ക് നേരെ നടന്ന കയ്യേറ്റ ശ്രമവും ബാലഗോപാലിന്റെ യു.പി പ്രസ്താവന സംബന്ധിച്ച് അത് ഭരണഘടന വിരുദ്ധമല്ല എന്നു ഉത്തർപ്രദേശ് എന്ന സംസ്ഥാനത്തെ ഇകഴ്ത്തി കാണിക്കുവാൻ താൻ ഉദ്ദേശിച്ചില്ല എന്ന വിശദീകരണവും അദ്ദേഹത്തിന് നൽകേണ്ടിവരും.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!