Channel 17

live

channel17 live

കൗണ്‍സിലര്‍മാരെ മേയറുടെ കാര്‍ ഇടിച്ചിട്ടു, പ്രതിപക്ഷനേതാവടക്കം 7 യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്

തൃശൂര്‍:  മേയര്‍ എം.കെ.വര്‍ഗീസിന്റെ കാറിടിച്ച് പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍, പുതൂര്‍ക്കര കൗണ്‍സിലര്‍ മേഫി ഡെല്‍സണ്‍ എന്നിവര്‍ അടക്കം  ഏഴ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റു. ഇവര്‍ തൃശൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. കോര്‍പറേഷന്‍ ഓഫീസ് അങ്കണത്തില്‍ മേയറുടെ കാര്‍ തടഞ്ഞതോടെ കൗണ്‍സിലര്‍മാരെ കാര്‍ ഇടിച്ചിടുകയായിരുന്നുവെന്നാണ് ആരോപണം. ചളി കലര്‍ന്ന കുടിവെള്ള വിതരണത്തില്‍  പ്രതിഷേധിച്ചുള്ള യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തിനിടയിലാണ് കോര്‍പറേഷന്‍ ഓഫീസും പരിസരവും സംഘര്‍ഷഭരിതമായത്.
കൗണ്‍സില്‍ യോഗത്തിനിടെ മേയറുടെ കോലത്തില്‍ കലക്കവെള്ളം ഒഴിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ തിരക്കിട്ട് കൗണ്‍സില്‍  പിരിച്ചുവിട്ട് മേയര്‍ ചേംബറിലേക്ക് പോയി. പ്രതിപക്ഷാംഗങ്ങള്‍ പിന്നാലയുണ്ടെന്നറിഞ്ഞതോടെ മേയര്‍ കാറില്‍ കയറി. ഇതിനിടെ കാറിലേക്ക് ചളിവെള്ളവും ഒഴിച്ചു. വനിതാകൗണ്‍സിലര്‍മാര്‍ അടക്കമുള്ളവരാണ് കാര്‍ തടഞ്ഞത്. കൗണ്‍സിലര്‍മാര്‍ കാറിന് മുന്നില്‍ തടസ്സമായി നിന്നു. ഇത് നോക്കാതെ മേയറുടെ ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു. ഇതിനിടെ ചില കൗണ്‍സിലര്‍മാര്‍ താഴെ വീണു. മേയറുടെ ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഉപനേതാവ് ഇ.വി.സുനില്‍രാജിന്റെ നേതൃത്വത്തില്‍ മേയറുടെ ചേംബറില്‍ രാത്രിയിലും സമരം തുടരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!