Channel 17

live

channel17 live

കനാലിൽ നവജാതശിശുവിന്റെ  മൃതദേഹം: മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിന്റെ അമ്മയും കാമുകനും പോലീസിന്റെ പിടിയിൽ

തൃശൂര്‍: പൂങ്കുന്നം എംഎല്‍എ റോഡ് കനാലില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയടക്കം മൂന്ന് പേരെ തൃശൂര്‍ സിറ്റി പോലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂര്‍ വരടിയം മമ്പാട്ട് വീട്ടില്‍ മേഘ (22) വരടിയം ചിറ്റാട്ടുകര വീട്ടില്‍ മാനുവല്‍ (25) ഇയാളുടെ സുഹൃത്ത് വരടിയം പാപ്പനഗര്‍ കോളനി കുണ്ടുകുളം വീട്ടില്‍ അമല്‍ (24) എന്നിവരാണ് പിടിയിലായത്.

ചൊവ്വാഴ്ച രാവിലെയാണ് പൂങ്കുന്നം എം.എല്‍.എ റോഡിനു സമീപം വെള്ളം ഒഴുകുന്ന കനാലില്‍ നവജാതശിശുവിന്റെ മൃതദേഹം സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആളുകള്‍ അറിയിച്ചതിനെതുടര്‍ന്ന്, പോലീസിത്തെത്തി മൃതദേഹം ഏറ്റെടുക്കുകയും ഇന്‍ക്വസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റുകയുമുണ്ടായി.

അയല്‍ വാസികളായ മാനുവലും മേഘയും രണ്ടുവര്‍ഷത്തിലധികമായി പ്രണയത്തിലാണ്. ഇതിനിടയില്‍ മേഘ ഗര്‍ഭിണിയായി. ഇത് വീട്ടുകാര്‍ അറിയാതെ മറച്ചുവെച്ചു. വീടിന്റെ മുകളിലത്തെ മുറിയില്‍ ഒറ്റക്കായിരുന്നു മേഘ കിടന്നുറങ്ങിയിരുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി കിടപ്പുമുറിയില്‍ വെച്ച് മേഘ പ്രസവിച്ച കാര്യവും വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. പ്രസവിച്ച ഉടന്‍ തന്നെ റൂമില്‍ കരുതിവെച്ചിരുന്ന വെള്ളം നിറച്ച ബക്കറ്റിലേക്ക് കുട്ടിയെ എടുത്തിട്ടു എന്നാണ് മേഘ പറയുന്നത്.

പിറ്റേന്ന് രാവിലെ 11 മണിയോടെ മൃതദേഹമടങ്ങിയ കവര്‍ കാമുകനായ മാനുവലിനെ ഏല്‍പ്പിച്ചു. മാനുവല്‍ അയാളുടെ സുഹൃത്തായ അമലിനോട് സഹായമഭ്യര്‍ത്ഥിച്ചു. മൃതദേഹം കത്തിച്ചു കളയാം എന്ന ഉദ്ദേശത്തോടെ ഇരുവരും ബൈക്കില്‍ കയറി മുണ്ടൂരിലെ പെട്രോള്‍ പമ്പില്‍ പോയി 150 രൂപയുടെ ഡീസല്‍ വാങ്ങി. എന്നാല്‍ അനുയോജ്യ സാഹചര്യം ഇല്ലാത്തതിനാല്‍ മൃതദേഹം കുഴിച്ചിടാമെന്നു കരുതി പേരാമംഗലം പാടത്തേക്ക് പോയി. അവിടെ ആളുകള്‍ കൂടി നിന്നിരുന്നതിനാല്‍ അതിനും സാധിച്ചില്ല.

അതിനുശേഷമാണ് ഇരുവരും ചേര്‍ന്ന് ബൈക്കില്‍ പൂങ്കുന്നം എംഎല്‍എ റോഡ് കനാല്‍ പരിസരത്തേക്ക് എത്തിയത്. ബൈക്ക് അവിടെ നിര്‍ത്തി കനാലിന്റെ വരമ്പിലൂടെ നടന്ന്, മേഘ കൊടുത്തുവിട്ട പ്ലാസ്റ്റിക് കവര്‍ തുറന്ന്, മൃതദേഹമടങ്ങിയ സഞ്ചി കനാലിലെ വെള്ളത്തില്‍ ഇറക്കി വെച്ച് വേഗത്തില്‍ തിരിച്ചു പോവുകയും ചെയ്തു.

Photo Credit : Face Book

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!